കരമന അഖിൽ വധം: മുഖ്യപ്രതികളെല്ലാം അറസ്റ്റിൽ
തിരുവനന്തപുരം : കരമനയിൽ യുവാവിനെ തലയ്‌ക്കടിച്ച് കൊന്ന കേസിൽ മുഖ്യ പ്രതികളെല്ലാം അറസ്റ്റിലായി. പ്രധാന പ്രതികളായ നീറമൺകര സ്വദേശി വിനീഷ്‌രാജ് (വിനീത് –- 25), കൈമനം സ്വദേശി അഖിൽ (അപ്പു –- 26), സുമേഷ്, ഗൂഢാലോചനയിൽ പങ്കാളികളായ തിരുവല്ലം സ്വദേശി ഹരിലാൽ (27), തിരുമല സ്വദേശി കിരൺ കൃഷ്‌ണൻ (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
കൈമനം മരുതൂർക്കടവ് സ്വദേശി അഖിലിനെ വെള്ളിയാഴ്‌ച രാത്രിയാണ് വിനീഷ്‌രാജും അഖിലും സുമേഷും ചേർന്ന് തലയ്‌ക്കടിച്ച് കൊന്നത്. കമ്പിവടികൊണ്ട് അടിച്ചുവീഴ്‌ത്തിയശേഷം കരിങ്കല്ലും സിമന്റ് കട്ടയും ശരീരത്തിൽ ഇട്ടാണ് അഖിലിനെ കൊലപ്പെടുത്തിയത്. നിലത്തുവീണ അഖിലിനെ വിനീഷ്‌രാജാണ് കരിങ്കല്ലുകൊണ്ട് ആവർത്തിച്ച് ഇടിച്ചത്.
പ്രതികൾ സഞ്ചരിച്ച കാർ ഓടിച്ച അനീഷിനെ ശനിയാഴ്‌ച പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. രാജാജി നഗറിൽനിന്നാണ് വിനീഷ്‌രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേരള അതിർത്തി കടന്ന അഖിലിനെ തമിഴ്‌നാട്ടിലെ വെല്ലിയോടുനിന്നാണ് പിടിച്ചത്. തിരുവനന്തപുരം കരിക്കകത്ത് നിന്നാണ് സുമേഷിനെ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302, 341, 326 വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്. ഗൂഢാലോചനയിൽ പങ്കാളികളാവുകയും പ്രതികളെ ഒളിവിൽപ്പോകാൻ സഹായിക്കുകയും ചെയ്‌തുവെന്നതാണ് ഹരിലാലിനും കിരണിനുമെതിരായ കുറ്റം.
കൊലയിലേക്ക് നയിച്ചത് കൊല്ലപ്പെട്ട അഖിലും പ്രതി കിരൺ കൃഷ്‌ണയുമായുള്ള തർക്കമാണെന്നാണ് പൊലീസ് പറയുന്നത്.
കരമന സ്വദേശി അഖിൽ (22) വെള്ളിയാഴ്‌ച രാത്രിയാണ് കൊല്ലപ്പെട്ടത്. വീടിനു മുമ്പിൽ നിൽക്കുകയായിരുന്ന അഖിലിനെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇനോവയിൽ കയറ്റിക്കൊണ്ടു പോയ അഖിലിനെ ആളൊഴിഞ്ഞ പറമ്പിലെത്തിച്ചാണ് കമ്പിവടിയും കല്ലും കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. അഖിലിന്റെ മൃതദേഹത്തിൽ ക്രൂരമായി മർദനമേറ്റതിന്റെ പാടുകളുമുണ്ട്. സംഭവശേഷം അഖിലിനെ പറമ്പിൽ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. അരമണിക്കൂറോളം കഴിഞ്ഞ് പ്രദേശവാസികളാണ് രക്തം വാർന്ന നിലയിൽ യുവാവിനെ കണ്ടെത്തിയത്. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒരാഴ്ച മുമ്പ് അഖിലുമായി ബാറിലുണ്ടായ തർക്കമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് വിവരം. കരമനയിൽ അഞ്ച് വർഷം മുമ്പ് നടന്ന കൊലക്കേസിൽ ഉൾപ്പെട്ട പ്രതികളാണ് അക്രമത്തിനു പിന്നിലെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അഖിൽ വീടിനോടു ചേർന്ന് പെറ്റ്ഷോപ് നടത്തിവരികയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു