സംസ്ഥാനത്ത് മഞ്ഞൾ വില കുതിച്ചുയർന്നു
സംസ്ഥാനത്ത് മഞ്ഞൾ വിലയിൽ വർദ്ധനവ്. ഒരു കിലോ മഞ്ഞളിന് ചില്ലറ വിപണിയിൽ 200 രൂപ വരെയാണ് ഉള്ളത്. കേരളത്തിൽ പതിവിന് വിപരീതമായി അനുഭവപ്പെട്ട ഉയർന്ന ചൂട് കൃഷിയെ ബാധിച്ചതിനാൽ ഉത്പാദനം കുറഞ്ഞതാണ് വിലവർധനവിന് കാരണം എന്നാണ് കരുതുന്നത്.
വ്യാപാരികളും കർഷകരും വില ഇനിയും ഉയരും എന്ന പ്രതീക്ഷയിൽ മഞ്ഞൾ പൂഴ്ത്തി വയ്ക്കുന്നതിനും വിലവർധനവിന് കാരണമായിട്ടുണ്ട്. സാധാരണയായി ഏപ്രിൽ, മെയ് മാസങ്ങളിലാണ് സംസ്ഥാനത്ത് മഞ്ഞൾ കൃഷി വിളവെടുപ്പ് നടത്തുന്നത്. 30% കുറവ് മഞ്ഞൾ ലഭ്യതയിൽ ഇത്തവണ ഉണ്ടാകുമെന്നാണ് വ്യാപാരികൾ അഭിപ്രായപ്പെടുന്നത്.
പാചകത്തിന് പുറമേ മരുന്നിനും സൗന്ദര്യ വർദ്ധക വസ്തുക്കളിലും പ്രധാനമായും ഉപയോഗിക്കുന്ന മഞ്ഞളിൽ കുർക്കുമിന്റെ അളവ് കൂടിയതിനാണ് ആവശ്യക്കാർ ഏറെയുള്ളത്. പക്ഷേ വിളവ് മോശമായതിനാൽ കുർക്കുമിന്റെ അളവ് ഇത്തവണത്തെ മഞ്ഞളിൽ കുറയാനും സാധ്യതയുണ്ട്. ഇതേ കാലയളവിൽ കഴിഞ്ഞവർഷം ഒരു കിലോ മഞ്ഞളിന് 100 മുതൽ 120 രൂപ വരെയായിരുന്നു ചില്ലറ വിപണിയിലെ വില.
മഞ്ഞളിന്റെ ഉൽപാദനത്തിൽ പതിമൂന്നാം സ്ഥാനത്താണ് കേരളം. മഞ്ഞളിന്റെ ഉൽപാദനത്തിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഉള്ളത് തെലുങ്കാന, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ആണ്. 73,000 ത്തോളം ടൺ മഞ്ഞളാണ് ഓരോ വർഷവും കേരളം നൽകുന്ന സംഭാവന