രശ്‌മികയുടെ പുതിയ ബോളിവുഡ് ചിത്രം പ്രഖ്യാപിച്ചു; ഇക്കുറി സൽമാനൊപ്പം
സൽമാൻ ഖാൻ നായകനായെത്തുന്ന പുതിയ ബോളിവുഡ് സിനിമയിൽ തെന്നിന്ത്യൻ താരം രശ്മിക മന്ദാന നായികയായെത്തുന്നു. എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം സിക്കന്ദറിലാണ് സൽമാന്റെ നായികയായി രശ്‌മിക എത്തുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
2022 ൽ ഗുഡ്ബൈ എന്ന സിനിമയിലൂടെയാണ് രശ്‌മിക ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ മിഷൻ മജ്നു, അനിമൽ എന്നീ സിനിമകളിലെ നടിയുടെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2, ധനുഷ് നായകനായി എത്തുന്ന കുബേര എന്നീ ചിത്രങ്ങളിലാണ് രശ്‌മിക നിലവിൽ അഭിനയിക്കുന്നത്.
അതേസമയം സിക്കന്ദറിന്റെ ചിത്രീകരണം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. എട്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം മുരുഗദോസ് സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് സിക്കന്ദർ. അടുത്ത വർഷം ഈദ് റിലീസായിട്ടായിരിക്കും ചിത്രം എത്തുക. ഒരു ആക്ഷൻ ചിത്രമായിരിക്കും ഇതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സാജിദ് നദിയാദ്‌വാലയാണ് ചിത്രം നിർമിക്കുന്നത്. 400 കോടി രൂപ ബജറ്റിലാണ് ചിത്രം നിർമ്മിക്കുന്നത് എന്ന റിപ്പോർട്ടുകളുമുണ്ട്.