എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം അവസാനിച്ചു
ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ നടത്തി വന്ന സമരം അവസാനിച്ചു. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാൻ ധാരണയായായതോടെയാണ് സമരം അവസാനിച്ചത്. 25 കാബിൻ ക്രൂ അംഗങ്ങളെയാണ് നേരത്തെ പിരിച്ചു വിട്ടത്. എയർ ഇന്ത്യ എക്സ്‍പ്രസ് സിഇഒ അലോക് സിംഗ് ജീവനക്കാരുമായി നടത്തിയ ചർച്ച വിജയകരമായ സാഹചര്യത്തിലാണ് തീരുമാനം. സമരം മൂലം ഇന്ന് 74 വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ജീവനക്കാരുടെ സമരത്തിനെതിരെ കർശന നടപടിയുമായി എയർ ഇന്ത്യ എക്സ്‍പ്രസ് രംഗത്തെത്തിയിരുന്നു. 220ലേറെ ക്യാബിൻ ക്രൂ അംഗങ്ങളാണ് സമരം നടത്തിയിരുന്നത്.
സമരത്തെ തുടർന്ന് ഇന്നലെ മാത്രം 91 വിമാനങ്ങൾ റദ്ദാക്കിയപ്പോൾ, 102 വിമാന സർവീസുകൾ വൈകുകയും ചെയ്തു. സമരത്തിൽ ഇല്ലാത്ത മുഴുവൻ ജീവനക്കാരെയും ജോലിക്ക് ഇറക്കിയാലും ഒരു ദിവസം ചുരുങ്ങിയത് 40 ഫ്ലൈറ്റുകൾ എങ്കിലും റദ്ദാക്കേണ്ടി വരുമെന്നതായിരുന്നു സാഹചര്യം. ഇതിന് പിന്നാലെയാണ് സിഇഒ, ജീവനക്കാരുമായി ചർച്ച നടത്തിയത്. മുൻകൂട്ടി അറിയിക്കാതെ ജോലിയിൽ നിന്ന് വിട്ടുനിന്നത് അംഗീകരിക്കാൻ കഴിയാത്തതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. ഇന്നലെ രാത്രി തന്നെ 25 ജീവനക്കാരെ പിരിച്ചുവിട്ട് കൊണ്ടുള്ള നോട്ടീസ് ഇ-മെയിൽ മുഖേന അയച്ചതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു.
ചൊവ്വാഴ്ച രാത്രി മുതലാണ് മുൻകൂട്ടി അറിയിക്കാതെ ജീവനക്കാർ ജോലിയിൽ നിന്ന് വിട്ടുനിന്നത്. മുൻകൂട്ടി നോട്ടീസ് നൽകാതെ മെഡിക്കൽ ലീവ് എടുത്താണ് ജീവനക്കാർ പ്രതിഷേധിച്ചത്. ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള എയർ ഇന്ത്യ എക്‌സ്പ്രസിലെ പരിഷ്‌കരണ നടപടികളുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. ന്യായമായ കാരണങ്ങളില്ലാതെയും മുൻകൂട്ടി അറിയിക്കാതെയുമാണ് ജീവനക്കാർ ജോലിയിൽ നിന്ന് വിട്ടുനിന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ല എന്ന് നോട്ടീസിൽ എയർഇന്ത്യ എക്‌സ്പ്രസ് പറയുന്നു. കൂട്ട അസുഖ അവധി നിയമങ്ങളുടെ ലംഘനമാണെന്ന് മാത്രമല്ല. എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡ് എംപ്ലോയീസ് സർവീസ് റൂൾസിന്റെ ലംഘനമാണെന്നും നോട്ടീസിൽ പറയുന്നു.
ജീവനക്കാർ സുഖമില്ലെന്ന് വിമാനം ഷെഡ്യൂൾ ചെയ്ത ശേഷമാണ് അറിയിച്ചത്. പിന്നീട് മറ്റ് കാബിൻ ക്രൂ അംഗങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മനസിലായി. ഇത് വ്യക്തമായും മുൻകൂട്ടി പ്ലാൻ ചെയ്ത് ന്യായമായ കാരണങ്ങളില്ലാതെ ജോലിയിൽ നിന്നുള്ള വിട്ടുനിൽക്കൽ ആണെന്നും നോട്ടീസിൽ പറയുന്നു