പ്രതി തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബർഷീന

0

ആക്രമണത്തിനു മുൻപേ തനിക്കെതിരെ ഭർത്താവ് വധഭീഷണി മുഴക്കിയിരുന്നുവെന്ന് പാലക്കാട് ആസിഡ് ആക്രമണത്തിന് ഇരയായ ബർഷീന. ഇന്നലെയാണ് യുവതിയുടെ ദേഹത്ത് മുൻ ഭർത്താവായ ഖാജാ ഹുസൈൻ ആസിഡ് ആക്രമണം നടത്തിയത്. ‘നിന്നെ ഞാൻ ജീവിക്കാൻ വിടില്ല. എന്റൊപ്പം ജീവിച്ചില്ലെങ്കിലും കുഴപ്പമില്ല, വേറെ ആരുടേയും കൂടെ ജീവിക്കാൻ സമ്മതിക്കില്ല എന്നായിരുന്നു ഖാജയുടെ ഭീഷണി. അയാൾക്ക് ഭയങ്കര പൊസസീവ്‌നെസ് ആണ്.ഞാൻ പുറത്ത് ആരോടും സംസാരിക്കാൻ പാടില്ല, റീൽസ് ചെയ്യുന്നതും ഇഷ്ടമല്ല. നിന്റെ മുഖം നശിപ്പിക്കും ഞാൻ എന്ന് പറഞ്ഞിരുന്നു അയാൾ. പൊലീസ് പിടിയിലായ ഖാജാ ഹുസൈനെ ഇനി പുറത്ത് വിടരുതെന്നും ഇയാൾ മാനസിക രോഗിയാണെന്നും ബർഷീന മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെയാണ് പാലക്കാട് ഒലവക്കോട് താണാവിൽ യുവതിക്ക് നേരെ മുൻ ഭർത്താവ് ആസിഡ് ഒഴിച്ച് ആക്രമണം നടത്തിയത്. രാവിലെ യുവതിയുടെ ലോട്ടറികടയിൽവെച്ചാണ് ആക്രമണം. പ്രതി കാജാ ഹുസൈനെ ഹേമാംബിക നഗർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാവിലെ 7 മണിയോടെ ഒലവക്കോട് സ്വദേശിനി ബർഷീനയുടെ ലോട്ടറിക്കടയിലെത്തിയ പ്രതി ചെറിയ വാഗ്വാദത്തിന് ശേഷം കയ്യിലുണ്ടായ കുപ്പിയിൽ സൂക്ഷിച്ചിരുന്ന ആസിഡ് ബർഷീനയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.സമീപ കടകളിലുണ്ടായിരുന്നവർ ബർഷിന നിലത്ത് കിടന്ന് പിടയുന്നത് കണ്ടാണ് ഓടിയെത്തുന്നത്. പ്രതിയെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചതും നാട്ടുകാരാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *