കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയിൽ ഇടപെട്ട് കോടതി; മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി
തിരുവനന്തപുരം : കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവുമായി നടന്ന സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ഡ്രൈവർ യദുവിന്റെ ഹർജിയിൽ കോടതി നിർദേശപ്രകാരമാണ് കൻ്റോൺമെൻ്റ് പൊലിസിന്റെ നടപടി. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത്തിരിക്കുന്നത്. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി, അന്യായമായി ബസ് തടഞ്ഞുവെക്കൽ എന്നിവ ചേർത്താണ് യദുവിന്റെ പരാതി.ഇതിൽ പൊലീസ് കേസെടുക്കാതിരുന്നതോടെ യദു തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.നേരത്തെ അഭിഭാഷകന്റെ ഹർജിയിൽ മേയര്‍ക്കും എംഎൽഎക്കുമെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.
ആര്യാ രാജേന്ദ്രൻ, സച്ചിൻദേവ് എംഎൽഎ, മേയറുടെ സഹോദരൻ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവർക്കെതിരെയാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, അന്യായമായി തടഞ്ഞുവയ്ക്കൽ, അസഭ്യം പറയൽ എന്നിവയാണ് പരാതിക്കാരൻ കോടതിയിൽ ചൂണ്ടികാട്ടിയ കുറ്റങ്ങൾ. പാളയത്ത് മേയറും- ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ ഇതോടെ നാല് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മേയറുടെ പരാതിയിൽ ഡ്രൈവർക്കെതിരെയാണ് ആദ്യ കേസ്.ബസിലെ മെമ്മറി കാർഡ് കാണാതായതിനും കേസെടുത്തിട്ടുണ്ട്. ഇതുകൂടാതെയാണ് കോടതി നിർദ്ദേശ പ്രകാരമുള്ള മറ്റു രണ്ട് കേസുകള്‍. പാളയത്ത് സീബ്രാലൈനിൽ വാഹനമിട്ട് ബസ് തടസപ്പെടുത്തുകയും ഗതാഗതക്കുരുക്കുണ്ടാക്കുകയും ചെയ്തതുകൂടാതെ സച്ചിൻ ദേവ് ബസിൽ കയറി യാത്രക്കാരോട് ഇറങ്ങാൻ ആവശ്യപ്പെട്ടതായും ആരോപണം ഉയർന്നിരുന്നു. ഇതെല്ലാം പുതിയ കേസിൻെറ ഭാഗമായി അന്വേഷിക്കേണ്ടി വന്നേക്കും.