50% സംവരണ പരിധി ഉയർത്തും, ആവശ്യമുള്ളത്ര കൊടുക്കും: രാഹുൽ ഗാന്ധി
മധ്യ പ്രദേശ്: ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ സംവരണത്തിനു നിലവിലുള്ള 50 ശതമാനം എന്ന പരിധി ഒഴിവാക്കുമെന്ന് രാഹുൽ ഗാന്ധി. ആദിവാസി, ദളിത്, പിന്നാക്ക വിഭാഗങ്ങളിൽനിന്നുള്ള ജനങ്ങൾക്ക് മതിയായ സംവരണം ഉറപ്പാക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണ് ഇപ്പോൾ നടക്കുന്നതെന്നും മധ്യ പ്രദേശിലെ രത്‌ലമിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേ രാഹുൽ ഗാന്ധി പറഞ്ഞു. ”ഭരണഘടനയിൽ മാറ്റം വരുത്താനും ഇല്ലാതാക്കാനുമാണ് ആർഎസ്എസും ബിജെപിയും ആഗ്രഹിക്കുന്നത്. കോൺഗ്രസും ഇന്ത്യ മുന്നണിയും അതിനെ സംരക്ഷിക്കാനും ശ്രമിക്കുന്നു. ജലത്തിലും വനത്തിനും ഭൂമിക്കുമുള്ള അവകാശം ജനങ്ങൾക്കു നൽകുന്നത് ഈ ഭരണഘടനയാണ്. ഇതെല്ലാം നീക്കി സമ്പൂർണ അധികാരം പിടിച്ചെടുക്കാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നത്”, ഭരണഘടനയുടെ പകർപ്പ് ഉയർത്തിപ്പിടിച്ചുകൊണ്ട് രാഹുൽ പറഞ്ഞു.
400 സീറ്റ് എന്ന മുദ്രാവാക്യം ബിജെപി ഉയർത്തുന്നത് ഭരണഘടനയെ അട്ടിമറിക്കാനാണ്. പക്ഷേ, 400 പോയിട്ട് 150 സീറ്റ് പോലും ബിജെപിക്കു കിട്ടില്ലെന്നും രാഹുൽ.