ചൂട് അസഹ്യം; പത്തനംതിട്ട സലഫി മസ്ജിദിൽ മഴ പെയ്യാൻ പ്രത്യേക പ്രാർത്ഥന
പത്തനംതിട്ട: പത്തനംതിട്ട സലഫി മസ്ജിദിൽ മഴ പെയ്യാൻ പ്രത്യേക പ്രാർത്ഥന നടത്തി വിശ്വാസികൾ. പള്ളി മുറ്റത്താണ് വിശ്വാസി സമൂഹം ഒത്തുകൂടിയത്. സമൂഹത്തിനാകെ ആശ്വാസമേകി മഴ പെയ്യട്ടെ എന്ന ആഗ്രഹത്തോടെയാണ് ഒത്തൊരുമിച്ചുള്ള പ്രാർത്ഥനയെന്ന് പള്ളി ഭാരവാഹികള്‍ അറിയിച്ചു.അസഹ്യമായ ചൂടും വരള്‍ച്ചയും മാറികിട്ടാനാണ് മഴയുടെ ഉടമസ്ഥനായ ദൈവത്തോട് പ്രാർത്ഥിച്ചതെന്ന് റഷീദ് മൌലവി പറഞ്ഞു. എല്ലാ മനുഷ്യർക്കും ജീവജാലങ്ങള്‍ക്കും ഇത്കൊണ്ട് പ്രയോജനം ലഭിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളിൽ പല ദിവസങ്ങളിലും നേരിയ മഴ ലഭിച്ചുണ്ടെങ്കിലും അതൊന്നും കൊടുംചൂടിന് ആശ്വാസമേകിയില്ല. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനമുണ്ട്.മെയ് എട്ടിന് എറണാകുളത്തും മെയ് ഒൻപതിന് വയനാട്ടിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുനുള്ള സാധ്യതയുണ്ട്.