ബാഗേജ് നയം പരിഷ്‌കരിച്ച് എയർ ഇന്ത്യ
ന്യൂഡൽഹി: ആഭ്യന്തര യാത്രയ്‌ക്കുള്ള ബാഗേജ് നയം പരിഷ്‌കരിച്ച് എയർ ഇന്ത്യ. പുതിയ നയത്തിന്റെ ഭാഗമായി അഞ്ച് മുതൽ 15 കിലോ വരെ ഭാരം കുറയും. ഇത് മെയ് 2 മുതൽ പ്രാബല്യത്തിൽ വന്നു.അധികം ബഗേജുകൾ കൊണ്ടുപോകാൻ ഇനി കൂടുതൽ പണം നൽകണം. കംഫർട്ട്, കംഫർട്ട് പ്ലസ്, ഫ്‌ലെക്‌സ് എന്നിങ്ങനെ വ്യത്യസ്ത വിലനിർണ്ണയ മാതൃകകൾ കഴിഞ്ഞ വർഷം എയർ ഇന്ത്യ അവതരിപ്പിച്ചിരുന്നു. വ്യത്യസ്ത നിരക്കുകളെ അടിസ്ഥാനമാക്കിയുള്ള ഈ ഗ്രൂപ്പുകൾക്ക് ആനുകൂല്യങ്ങളിലും നിയന്ത്രണങ്ങളിലും വ്യത്യസമുണ്ടാകും.
കംഫർട്ട്, കംഫർട്ട് പ്ലസ് ഫെയർ ഫാമിലികളിൽ ടിക്കറ്റ് വാങ്ങിയ ഇക്കണോമി ക്ലാസ് യാത്രക്കാർക്ക് ചെക്ക്-ഇൻ ബാഗേജ് അലവൻസ് 15 കിലോ ആയി ക്രമീകരിക്കും. നേരത്തേയിത് യഥാക്രമം 20, 25 കിലോയായിരുന്നു. ഇക്കണോമി ക്യാബിനിലെ ഫ്‌ലെക്സ് നിരക്കിന്റെ അലവൻസ് 25 കിലോ ഗ്രാം എന്നത് മാറ്റമില്ലാതെ തുടരും. പ്രീമിയം ഇക്കോണമിയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കംഫർട്ട് പ്ലസിൽ 30 കിലോയുണ്ടായിരുന്നത് 15 കിലോ ഗ്രാമായി കുറച്ചു. ഫ്‌ലെക്‌സ് ടിക്കറ്റിൽ കരുതാവുന്ന ഭാരം 35 കിലോയിൽ നിന്ന് 25 കിലോഗ്രാമായും കുറച്ചു.
അതുപോലെ, കംഫർട്ട് പ്ലസിൽ സഞ്ചരിക്കുന്ന ബിസിനസ് ക്ലാസ് യാത്രക്കാർക്ക് 25 കിലോഗ്രാം ബാഗേജ് അനുവദിക്കും. നേരത്തേയിത് 35 കിലോ ഗ്രാം ആയിരുന്നു. അതേസമയം ഫ്‌ലെക്‌സിൽ സഞ്ചരിക്കുന്ന ബിസിനസ് ക്ലാസുകാർക്ക് 35 കിലോഗ്രാമായി കുറച്ചു. നേരത്തേയിത് 40 കിലോ ഗ്രാം ആയിരുന്നു. യാത്രക്കാർക്ക് അവരുടെ ആവശ്യത്തിന് അനുസരിച്ച് ഏറ്റവും അനുയോജ്യമായ നിരക്കും സേവനങ്ങളും തിരഞ്ഞെടുക്കാൻ അവസരമൊരുക്കുന്നതാണ് പുതിയ പരിഷ്‌കാരങ്ങൾ എന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു.