അരളിപ്പൂവിന് തത്കാലം വിലക്കില്ല, വിഷാംശം ഉള്ളതായി റിപ്പോർട്ട് കിട്ടിയിട്ടില്ല; തിരു. ദേവസ്വം ബോർഡ്
തിരുവനന്തപുരം: അരളിപ്പൂവിന് പൂജാകാര്യങ്ങളിൽ തൽക്കാലം വിലക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. പൂവിൽ വിഷാംശം ഉണ്ടെന്ന ശാസ്ത്രീയമായ ഒരു റിപ്പോർട്ടും ഇതുവരെ കിട്ടിയിട്ടില്ലെന്ന് ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു.പൂവിനെതിരായ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പക്ഷെ റിപ്പോർട്ടുകൾ കിട്ടിയാലേ നടപടിക്രമണങ്ങൾ എടുക്കാനാകൂ എന്നാണ് ബോർഡ് നിലപാട് വക്തമാക്കി.അരളി പൂവ് വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.
പൂവിന് വിഷാംശമുണ്ടെന്ന് ആധികാരികമായ നിര്‍ദേശം ലഭിച്ചിട്ടില്ല. സര്‍ക്കാരോ ആരോഗ്യവകുപ്പോ ഇക്കാര്യം അറിയിച്ചിട്ടുമില്ല. ബോർഡ് യോഗത്തിൽ നിർദ്ദേശങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. ആധികാരികമായി അറിയിപ്പ് കിട്ടിയാൽ മാത്രമേ നിർദ്ദേശങ്ങൾ കൈമാറാനാകുവെന്നും ബോർഡ് വക്തമാക്കി.അപകടകരമെങ്കിൽ പൂവ് ഒഴിവാക്കും.ബദൽ മാർഗം പൂജ വിഷയം ആയതിനാൽ തന്ത്രിമാരുമായി ആലോചിക്കേണ്ടി വരും.
നിവേദ്യത്തിൽ പൂവ് വ്യാപകമായി ഉപയോഗിക്കുന്നില്ല. പുഷ്പാഭിഷേകത്തിനാണ് കൂടുതൽ ഉപയോഗിക്കാറുള്ളത്. ഇതിൽ അടിയന്തരമായി തീരുമാനം ഉണ്ടാകും. വിഷയത്തെ ഗൗരവമായിട്ടാണ് കാണുന്നത്.ക്ഷേത്ര പരിസരങ്ങളിൽ അരളി വളർത്തുന്നത് പ്രോത്സാഹിപ്പിക്കുന്നില്ല. ഒരു തന്ത്രി നേരത്തെ ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.
ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രൻ എന്ന യുവതി കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ് മരിച്ചത് അരളിപ്പൂനുള്ളി വായിലിട്ടതിനെ തുടർന്നാണെന്ന സംശയങ്ങൾ ഉയർന്നിരുന്നു. യുകെയിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തി കുഴഞ്ഞുവീണ് മരിച്ച നഴ്സ് സൂര്യ സുരേന്ദ്രന്റെ മരണത്തിന് കാരണം അരളിപ്പൂവാണെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അയല്‍വാസികളോട് യാത്ര പറയാനെത്തിയപ്പോള്‍ അശ്രദ്ധമായി അരളിപ്പൂവ് ചവയ്ക്കുകയും കുറച്ച് ഭാഗം അറിയാതെ വിഴുങ്ങുകയും ചെയ്തിരുന്നുവെന്നാണ് സൂചന. ആന്തരിക അവയവങ്ങളുടെ ഫോറന്‍സിക് പരിശോധനാ ഫലം കൂടി പുറത്ത് വന്നാലെ മരണകാരണം അന്തിമമായി വ്യക്തമാകൂവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.