പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ കൊലപെടുത്തിയ സംഭവം; കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്, യുവതിയുടെ മൊഴി
കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത് പൊലീസ് ഇന്ന് കോടതിയെ അറിയിക്കും. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില തൃപ്തികരമായ ശേഷം ജുഡീഷ്യൽ കസ്റ്റഡി ആവശ്യപ്പെടാനാണ് പൊലീസിന്റെ നീക്കം. പിന്നീട് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ്.
കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് യുവതി പൊലീസിന് മൊഴി നൽകിയിരുന്നു. 8 മണിയോടെ അമ്മ വാതിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായതോടെ കൈയിൽ കിട്ടിയ കവറിൽ കുഞ്ഞിനെ പൊതിഞ്ഞ് താഴോട്ട് ഇടുകയായിരുന്നു. പരിഭ്രാന്തിയിൽ ആത്മഹത്യ ചെയ്യാൻ തുനിഞ്ഞുവെന്നും യുവതി പൊലീസിന് മൊഴി നൽകി. അതേസമയം, യുവതിയുടെ മൊഴി എതിരാണെങ്കിൽ മാത്രം ആൺ സുഹൃത്തിനെതിരെ കേസെടുക്കാനാണ് നിലവിൽ അന്വേഷണസംഘത്തിന്റെ തീരുമാനം. സംഭവത്തിൽ കേസെടുത്ത ബാലാവകാശ കമ്മീഷൻ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് കൊച്ചി നഗരത്തെയാകെ ഞെട്ടിച്ച സംഭവം നടക്കുന്നത്. ശുചീകരണത്തൊഴിലാളികളാണ് നടുറോഡില്‍ പൊക്കിൾക്കൊടിപോലും മുറിച്ചുമാറ്റാത്ത നിലയില്‍ നവജാത ശിശുവിന്‍റെ ശരീരം ആദ്യം കണ്ടെത്തിയത് . റോഡിലേക്ക് വീണ കുഞ്ഞിനെ പൊതിഞ്ഞിരുന്ന കവർ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടന്നത്. ആമസോണിൽ ഉത്പന്നങ്ങൾ വാങ്ങിയ കവറിലെ വിലാസം പരിശോധിച്ച് ഫ്ലാറ്റിന്‍റെ അഞ്ചാം നിലയിലേക്ക് പൊലീസ് എത്തുകയായിരുന്നു.അപ്പോഴാണ് യുവതിയുടെ മാതാപിതാക്കൾ സംഭവമറിയുന്നത്. തുടർന്ന് യുവതിയെ ചോദ്യംചെയ്തതിൽ നിന്നാണ് ഏകദേശ കുറ്റകൃത്യത്തിന്റെ അകദേശ രൂപം പുറത്തുവന്നത്.