പ്രജ്വൽ രേവണ്ണ ജർമനിയിലെത്തിയത് നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച്
ന്യൂഡൽഹി: ലൈംഗികാതിക്രമ വിവാദത്തിൽപ്പെട്ട ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണ എംപി ജർമനിയിലേക്കു പോയത് കേന്ദ്ര സർക്കാരിന്റെ അനുമതി തേടിയിട്ടല്ലെന്നു വിദേശകാര്യ മന്ത്രാലയം. നയതന്ത്ര പാസ്പോർട്ട് ഉടമകൾക്കു ജർമനിയിലേക്കു യാത്ര ചെയ്യാൻ വിസ ആവശ്യമില്ല.
പ്രജ്വൽ യാത്രാനുമതി തേടുകയോ സർക്കാർ അതു നൽകുകയോ ചെയ്തിട്ടില്ലെന്നും മന്ത്രാലയം. നൂറുകണക്കിന് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന ആരോപണം നേരിടുന്ന പ്രജ്വലിനെ അറസ്റ്റ് ചെയ്യാൻ ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചതിനെത്തുടർന്നാണു വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം
ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെന്നും പ്രജ്വൽ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര അറിയിച്ചിരുന്നു.ഏപ്രിൽ 26നാണ് പ്രജ്വൽ രാജ്യം വിട്ടത്. നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ചായിരുന്നു യാത്രയെന്നാണ് റിപ്പോർട്ട്.
പ്രജ്വലിനെതിരായ കേസ് അന്വേഷിക്കാൻ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ജെഡിഎസ് യുവനേതാവിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനു വിദേശ കാര്യമന്ത്രാലയത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണമെന്നും സിദ്ധരാമയ്യ.
അതേസമയം, സഹോദരനെയും കുടുംബത്തെയും തകർക്കാനുള്ള ഗൂഢാലോചനയാണ് ലൈംഗികാരോപണമെന്നു പ്രജ്വലിന്റെ സഹോദരനും കർണാടക ലെജിസ്ലേറ്റിവ് കൗൺസിൽ അംഗവുമായ സൂരജ് രേവണ്ണ പറഞ്ഞു. അച്ഛൻ എച്ച്.ഡി. രേവണ്ണയ്ക്കും പ്രജ്വലിനും എതിരായി ആരോപണമുന്നയിക്കുന്നതിലൂടെ രാഷ്ട്രീയമായി ഞങ്ങളെ ദുർബലപ്പെടുത്താനാണ് നീക്കം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹാസനിൽ പ്രജ്വൽ വിജയിക്കും. പ്രജ്വൽ എവിടെയാണെന്ന് തനിക്ക് അറിവില്ലെന്നും സൂരജ് പറഞ്ഞു.
മുൻ വീട്ടുജോലിക്കാരിയുടെ പരാതിയില്‍ ഏപ്രിൽ 28 നാണ് പ്രജ്വലിനെതിരേ ലൈംഗിക പീഡനത്തിന് കേസെടുത്തത്. പ്രജ്വലും പിതാവ് രേവണ്ണയും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. മുൻകൂർ ജാമ്യത്തിന് രേവണ്ണ കോടതിയെ സമീപിച്ചിട്ടുണ്ട്. വിഷയം കര്‍ണാടക രാഷ്ട്രീയത്തില്‍ കോലാഹലമുണ്ടാക്കിയതോടെ പ്രജ്വലിനെ ജെഡിഎസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു