മലപ്പുറത്ത് സൂര്യാഘാതം ഏറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
മലപ്പുറം:മലപ്പുറത്ത് സൂര്യാഘാതം ഏറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി മുഹമ്മദ് ഹനീഫയാണ് മരിച്ചത്.വയലിൽ ജോലി ചെയ്യുന്നതിനിടെ ഇന്നലെ കുഴഞ്ഞുവീഴുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്ഥാനത്തെ ഉഷ്ണ തരംഗ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകനയോഗം ഇന്ന് ചേരും.
അതേസമയം ചൂട് സമാധാനത്തിന്റെ പല ഇടങ്ങളിലും ഉയർന്ന് തന്നെ നിൽക്കുകയാണ്.പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നുണ്ട്. ഇതടക്കമുള്ള 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുടർച്ചയായ ദിവസങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട് രേഖപ്പെടുത്തിയ പാലക്കാട് ജില്ലയിൽ ഇന്നലെ രേഖപ്പെടുത്തിയ ചൂടിൽ നേരിയ കുറവുണ്ട്. സാധാരണയേക്കാൾ 5 ഡിഗ്രി സെൽഷ്യസിനടുത്ത് രേഖപ്പെടുത്തിയ ഉയർന്ന താപനില 3.7 ഡിഗ്രി സെൽഷ്യസായി താഴ്ന്നു. എന്നാലും പാലക്കാട്ടെ പൊള്ളുന്ന ചൂടിന് ശമനമില്ല.
പാലക്കാടിനൊപ്പം തൃശൂർ കോഴിക്കോട് ജില്ലകളിലും ഉഷ്ണ തരംഗ മുന്നറിയിപ്പുണ്ട്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ്, തൃശൂർ 39 ഡിഗ്രി സെൽഷ്യസ്, കോഴിക്കോട് 38 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരുമെന്ന് മുന്നറിയിപ്പുണ്ട്. ജില്ലകളിൽ സാധാരണയിൽ നിന്ന് 3 മുതൽ 5°C വരെ ചൂട് കൂടാൻ സാധ്യതയുണ്ട്.തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ചൂട് കൂടിയ, അസ്വസ്ഥതത സൃഷ്ടിക്കുന്ന അന്തരീക്ഷാവസ്ഥയ്ക്ക് സാധ്യത നിലനിൽക്കുന്നു.