അമിതമായി ലഹരി ഉപയോഗം; കോഴിക്കോട് 2 മാസത്തിനിടെ മരിച്ചത് മൂന്ന് പേര്
കോഴിക്കോട്: ജില്ലയില്‍ രണ്ട് മാസത്തിനിടെ അമിതമായി ലഹരി ഉപയോഗിച്ച് മൂന്ന് മരണം.കഴിഞ്ഞ ദിവസം വടകരയില്‍ ഓട്ടോ തൊഴിലാളി മരിച്ച കാരണവും ഇതുതന്നെയെന്ന് പോലീസ് നിഗമനം. യുവാക്കളില്‍ ലഹരി ഉപയോഗം കൂടിയിട്ടും വേണ്ടത്ര ജാഗ്രത എക്സൈസ്,പൊലീസ് ഉദ്യോഗസ്ഥർ പുലര്‍ത്തുന്നില്ലെന്ന പരാതി നിലനിൽക്കുന്നു.
വടകരയില്‍ ഒരു ലഹരി മാഫിയതന്നെ വാഴുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മാസങ്ങള്‍ക്കിടെ അമിത ലഹരി ഉപയോഗം മൂലം മരിച്ചത് നാലുപേരാണ്.കോഴിക്കോട് നഗരത്തിലും, കൈനാട്ടിയിലും കൊയിലാണ്ടിയിലുമാണ് സംഭവം നടക്കുന്നത്. മരിച്ചതെല്ലാം ചെറുപ്പക്കാരാണ്. എംഡിഎംഎ പോലുളള രാസലഹരി അമിതമായ അളവില്‍ ഉള്ളിൽ ചെല്ലുന്നതാണ് മരണകാരണമെന്ന് പോലീസ് പറയുന്നു. ബ്രൗണ്‍ ഷുഗര്‍, ഹാഷിഷ്, ഹെറോയിന്‍, എംഡിഎംഎ, കഞ്ചാവ് കളളക്കടത്തും മേഖലയില്‍ വ്യാപകമാണ്.
വടകര നഗരത്തില്‍ മാത്രം നിരവധി ബ്ലാക്ക് സ്പോട്ടുകളാണുള്ളത്. കാലപ്പഴക്കത്തില്‍ അടച്ചുപൂട്ടിയ കെട്ടിടങ്ങള്‍, ആളനക്കമില്ലാത്ത പറമ്പുകള്‍ എന്നിവിടങ്ങളിൽ എല്ലാംതന്നെ ലഹരി മാഫിയ രഹസ്യമായി ഇടപാടുകള്‍ നടത്താനുള്ള സ്ഥലമാകുന്നു.നിരോധിത പുകയില ഉല്പന്നങ്ങളുടെ വില്‍പ്പനയും ഇവിടങ്ങളില്‍ സജീവമാണ്. അതിഥി തൊഴിലാളികളാണ് ഇത്തരം ഉല്പന്നങ്ങള് എത്തിക്കുന്നതില്‍ മുന്‍പന്തിയില്‍ ഉള്ളത്. ഭാവിതലമുറയെ ഓര്‍ത്ത് ആശങ്കയുളളതിനാല്‍ ഇപ്പോള്‍ സ്വയം പ്രതിരോധം തീര്‍ക്കുകയാണ് നഗരത്തിലെ വ്യാപാരികള്‍.