കൊവിഡ് വാക്സിന് ഗുരുതര പാര്‍ശ്വഫലങ്ങൾ : ആസ്ട്രസെനക
 
                ന്യൂഡൽഹി: കൊവിഷീൽഡ് എന്ന കൊവിഡ്-19 വാക്സിന് പാർശ്വ ഫലങ്ങളുണ്ടെന്ന് തുറന്ന് സമ്മതിച്ച് നിർമാതാക്കൾ. ബ്രിട്ടീഷ് മരുന്നു നിർമാണ കമ്പനിയായ ആസ്ട്രസെനകയാണ് തങ്ങളുടെ കൊവിഡ് വാക്‌സിന് അപൂര്‍വമായി പാര്‍ശ്വഫലങ്ങളുണ്ടായേക്കുമെന്ന് വ്യക്തത വരുത്തിയത്. അപൂർവ സന്ദർഭങ്ങളിൽ കൊവിഷിൽഡ് സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നാണ് നിർമാതാക്കൾ പറഞ്ഞത്.
കൊവിഡിനെ പ്രതിരോധിക്കാന്‍ ആസ്ട്രസെനകയും ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് വികസിപ്പിച്ച കൊവിഷീല്‍ഡ് ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് നിര്‍മിച്ച് വിതരണം ചെയ്തത്. കൊവിഷീൽഡ് ഉപയോഗിക്കുന്നവരിൽ ഗുരുതരാവസ്ഥയുണ്ടായെന്നും മരണം വരെ സംഭവിച്ചിട്ടുണ്ടെന്നും കാട്ടി ആസ്ട്രസെനയ്ക്കെതിരേ നിരവധി പരാതികൾ ഉയർന്നിരുന്നു.
വിവിധ കേസുകളിലായി 51 പരാതികളാണ് കമ്പനിക്കെതിരേ നിലവിലുള്ളത്. ആയിരം കോടി രൂപ വരെ ഇരകള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുമുണ്ട്. നിയമനടപടികള്‍ തുടരുമ്പോഴും വിഷയത്തില്‍ ഇതുവരെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല.
അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് വാക്സിനുകള്‍ കാരണമാകാമെന്ന് കമ്പനി കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു. അസ്ട്രസെനെക്ക നിര്‍മിച്ച വാക്സിനുകള്‍ ഇനി യുകെയില്‍ ഉപയോഗിക്കില്ലെന്ന് ആരോഗ്യവൃത്തങ്ങള്‍ കോടതിയെ അറിയിച്ചു

 
                         
                                             
                                             
                                             
                                         
                                         
                                        