പ്രിയങ്ക മത്സരിക്കാനില്ല, പ്രചാരണത്തിന് നേതൃത്വം മാത്രം
ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി മത്സരിക്കാൻ സാധ്യതയില്ലെന്ന് അടുത്ത വൃത്തങ്ങൾ. ഉത്തർപ്രദേശിലെ അമേഠി, റായ്ബറേലി ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം നീളുന്നതിനിടയിലാണ് പ്രിയങ്ക ഗാന്ധി മത്സര രംഗത്തേക്കില്ലെന്ന് ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കുന്നത്.
പ്രിയങ്ക ഗാന്ധി ഇത്തവണ മത്സരരംഗത്തേക്കില്ല. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാത്രമേ പങ്കുചേർന്നു. കോൺഗ്രസ് എംപി രാഹുൽ ഗാന്ധി അമേഠിയിൽ നിന്നോ റായ്ബറേലിയിൽ നിന്നോ മത്സരിക്കുന്ന വിഷയത്തിൽ 24 മണിക്കൂറിനുള്ളിൽ അന്തിമ തീരുമാനം സ്വീകരിക്കുമെന്നും വൃത്തങ്ങൾ പറയുന്നു. എന്നാൽ ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പാർട്ടിയുടെ സ്ഥാനാർത്ഥികളാക്കണമെന്ന് വാദിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട്.
അമേഠിയിലും റായ്ബറേലിയിലും മെയ് 20നാണ് തെരഞ്ഞെടുപ്പ് നടക്കുക. 2019ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തുകയായിരുന്നു. ഏപ്രിൽ 26 ന് തെരഞ്ഞെടുപ്പ് നടന്ന കേരളത്തിലെ വയനാട് ലോക്സഭാ സീറ്റിൽ നിന്നാണ് രണ്ടാം തവണയും രാഹുൽ ഗാന്ധി ജനവിധി തേടുന്നത്. രാഹുൽ ഗാന്ധി അമേഠിയിലും റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധിയും മത്സരിക്കാനുമായിരുന്നു സാധ്യത. ഇരുവരുടെയും മത്സരത്തിന് തയാറെടുക്കാന് കോൺഗ്രസ് നേതൃത്വം മണ്ഡലങ്ങളിലെ പ്രവർത്തകർക്ക് നിർദേശം നൽകിയിരുന്നു.