മേയറും ബസ് ഡ്രൈവറും തമ്മിലെ വാക്‌പോര്; കെ.എസ്.ആർ.ടി.സി. റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം.എല്‍.എ.യും സഞ്ചരിച്ച കാര്‍ കുറുകെയിട്ട് കെ.എസ്.ആര്‍.ടി.സി. ബസ് തടഞ്ഞുവെന്ന് സംഭവത്തിലെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. മേയറും ഡ്രൈവറുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടതിന് പിന്നാലെ സ്ഥലത്തെത്തിയ കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുകളിലാണ് ബസ് തടഞ്ഞുവെന്ന പരാമര്‍ശമുള്ളത്. കെ.എസ്.ആര്‍.ടി.സി. കണ്‍ട്രോള്‍ റൂമിലെ രേഖകളിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
ഇത്തരം സംഭവങ്ങളില്‍ സാധാരണ കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ പോലീസില്‍ പരാതിപ്പെടാറുണ്ട്. എന്നാല്‍, തടഞ്ഞത് ഉന്നതരാണെന്നതിനാൽ കെ.എസ്.ആര്‍.ടി.സി. പിന്മാറി. കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ സംഭവമറിഞ്ഞ് സ്ഥലത്തെത്തുമ്പോള്‍ ബസില്‍ കണ്ടക്ടര്‍ സുബിന്‍ മാത്രമാണുണ്ടായിരുന്നത്. അപ്പോഴേക്ക് ഡ്രൈവറെ പോലീസ് കൊണ്ടുപോയിരുന്നു. പാളയം സാഫല്യം കോംപ്ലക്‌സിനു മുൻപിലുള്ള സിഗ്‌നലിനു മുന്നില്‍വെച്ചാണ് ബസിനു കുറുകെ കാര്‍ നിര്‍ത്തിയതെന്ന് നിരീക്ഷണക്യാമറ ദൃശ്യങ്ങളില്‍ വ്യക്തമാണ്
സീബ്രാലൈനിനു മുകളില്‍ ബസ് കടന്നുപോകാന്‍ സാധിക്കാത്ത തരത്തിലാണ് കാര്‍ നിര്‍ത്തിയത്. മറ്റു വാഹനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ വാഹനം നിര്‍ത്തുന്നത് ഡ്രൈവിങ് റെഗുലേഷന്റെ ലംഘനമാണ്. ബസിനെ പിന്തുടര്‍ന്നതിലും തടഞ്ഞതിലും അപകടകരമായ ഡ്രൈവിങ് തെളിഞ്ഞതിനാൽ കാറോടിച്ചയാളുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാം