ട്വന്റി 20 ലോകകപ്പ് ടീം: വിക്കറ്റ് കീപ്പറായി സഞ്ജു പരിഗണനയിലെന്നു റിപ്പോർട്ട്
ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന. ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണെത്തും എന്ന റിപ്പോർട്ട് ആണ് പുറത്തുവരുന്നത്. ഐപിഎല്ലിൽ തകർപ്പൻ ഫോമിലുള്ള താരത്തെ സെലക്ഷൻ കമ്മിറ്റി പരിഗണിക്കുന്നതായി പ്രമുഖ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മെയ് ഒന്നാണ് ടീമുകളെ പ്രഖ്യാപിക്കാൻ ഐസിസി നിർദ്ദേശിച്ചിരിക്കുന്ന അവസാന തീയതി. ടീം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്യാപ്റ്റൻ രോഹിത് ശർമ, പരിശീകൻ രാഹുൽ ദ്രാവിഡ്, ചീഫ് സെലക്റ്റർ അജിത് അഗാർക്കർ എന്നിവർ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു.
ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയെ ടീമിൽ നിന്ന് ഒഴിവാക്കുമെന്നും സൂചനകളുണ്ട്. ഐപിഎൽ സീസണിലെ മികച്ച പ്രകടനം അടിസ്ഥാനമാക്കി കുൽദീപ് യാദവ്, യൂസ്വേന്ദ്ര ചഹൽ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയേക്കും. മോശം ഫോമിലാണെങ്കിലും ഓൾ റൗണ്ടർ ഹാർദ്ദിക്ക് പാണ്ഡ്യയ്‌ക്ക് ടീമിലിടം ലഭിക്കുമെന്നാണ് സൂചന. സെലക്ഷൻ കമ്മിറ്റി പരിഗണനയിലുള്ള കെഎൽ രാഹുൽ അഞ്ചാമതും ഋഷഭ് പന്ത് ആറാമതുമാണ്.
ഐപിഎല്ലിലെ പ്രകടനം മാത്രം പരിഗണിക്കേണ്ടെന്നാണ് യോഗത്തിലുണ്ടായ സുപ്രധാന തീരുമാനമെന്ന് ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്യുന്നു. ഋഷഭ് പന്ത് ഐപിഎല്ലിൽ തകർപ്പൻ പ്രകടനം നടത്തിവരുന്നുണ്ടെങ്കിലും അവസാനം ഇന്ത്യക്കായി കളിച്ച ട്വന്റി 20 മത്സരങ്ങളിൽ ഫോമിലേക്കുയർന്നിരുന്നില്ല.
രോഹിത് ശർമ്മ, യശസ്വി ജയ്സ്വാൾ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ എന്നിവർ ടീമിലുണ്ടാകും. സ്പെഷ്യലിസ്റ്റ് ബാറ്ററായി കെ എൽ രാഹുലിനും ടീമിൽ ഇടം കണ്ടെത്താൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ.