ഊട്ടി, കൊടൈക്കനാൽ യാത്രകൾക്ക് നിയന്ത്രണം
ചെന്നൈ: തമിഴ്‌നാട്ടിലെ തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള യാത്രകൾക്ക് മദ്രാസ് ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തി. വേനലവധിക്കാലത്തെ വർധിച്ച തിരക്ക് കാരണമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ കണക്കിലെടുത്താണ് നടപടി.
ഇതുപ്രകാരം, മേയ് ഏഴിനും ജൂൺ മുപ്പതിനുമിടയിൽ ഊട്ടിയോ കൊടൈക്കനാലോ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നവർ മുൻകൂറായി ഇ പാസ് എടുക്കേണ്ടി വരും. ഇപ്പോഴത്തെ ഉത്തരവ് താത്കാലികമാണെങ്കിലും, വിഷയം അടുത്ത തവണ പരിഗണിക്കുമ്പോൾ തുടർ നടപടികളുടെ കാര്യത്തിൽ വ്യക്തതയുണ്ടാകും.
പ്രശസ്തമായ ഊട്ടി ഫ്ളവർ ഷോയുടെ സമയത്ത് ഇവിടത്തെ തിരക്ക് പതിന്മടങ്ങ് വർധിക്കുന്നത് പതിവാണ്. ദക്ഷിണേന്ത്യയിലെ കടുത്ത ചൂടിൽ നിന്നു രക്ഷപെടാനും പലരും വേനൽക്കാലത്ത് ഊട്ടിയിലേക്കു പോകാറുണ്ട്. ഈ സമയത്ത് വാഹന പാർക്കിങ് മുതൽ ഹോട്ടൽ വാസം വരെയുള്ള കാര്യങ്ങൾ ബുദ്ധിമുട്ട് വർധിച്ചുവരുകയാണ്.