ഗുജറാത്ത് തീരത്ത് വീണ്ടും വൻ ലഹരി വേട്ട; 173 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു
അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വീണ്ടും വൻ ലഹരി വേട്ട. 173 കിലോ ലഹരിമരുന്നുമായി രണ്ട് ഇന്ത്യക്കാർ അറസ്റ്റിലായി. എൻസിബി, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന (എടിഎസ്) എന്നിവർ സംയുക്തമായി നടത്തിയ ദൗത്യത്തിലാണ് ഇവർ പിടിയിലാവുന്നത്.
പോർബന്തർ തീരത്ത് അറബിക്കടലിൽ സഞ്ചരിക്കുകയായിരുന്ന മത്സ്യ ബന്ധനത്തിനായി ഉപയോഗിക്കുന്ന ബോട്ടിലായിരുന്നു ലഹരി കടത്തിയത്. ഗുജറാത്ത് എടിഎസ് കേസ് കൂടുതൽ അന്വേഷിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ഇതേ പ്രദേശത്ത് നിന്ന് 600 കോടി രൂപ വിലമതിക്കുന്ന 86 കിലോഗ്രാം ലഹരിമരുന്നുമായി ഞായറാഴ്ച പാക് ബോട്ട് പിടികൂടിയിരുന്നു. ബോട്ടിൽ നിന്ന് 14 പേരെയും പിടികൂടാനായി. കഴിഞ്ഞ മാസം ഗുജറാത്തിലെ പോർബന്തർ തീരം വഴി ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച 450 കോടി രൂപ വില വരുന്ന ലഹരി മരുന്ന് പിടികൂടിയിരുന്നു.