അമ്പലപ്പുഴയിൽ ലോറിൽ കൊണ്ടുപോയ മരത്തിന്റെ വേര് ഗതാഗതം തടസ്സപ്പെടുത്തിയത് മുക്കൽ മണിക്കൂർ
അമ്പലപ്പുഴ: ലോറിയിൽ അശ്രദ്ധമായി കൊണ്ടുപോയ മരത്തിന്റെ വേര് കെഎസ്ആർടിസി ബസ്സിൽ ഉടക്കി മുക്കാൽ മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. അമ്പലപ്പുഴ കാക്കാഴം റെയിൽവേ മേൽപ്പാലത്തിന്റെ വടക്കേയിറക്കത്തിൽ ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി വേരിന്റെ ഭാഗം മുറിച്ചുനീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. നീർക്കുന്നത്ത് ദേശീയപാത വികസനത്തിന്റെ ഭാഗമായി മുറിച്ചുമാറ്റിയ കൂറ്റൻ മരത്തിന്റെ വേര് ട്രെയിലർ ലോറിയിൽ കായംകുളം ഭാഗത്തേക്കുകൊണ്ടുപോകും വഴിയാണ് സംഭവം. കരുനാഗപ്പള്ളിയിൽനിന്നു കൊച്ചി അമൃത ആശുപത്രിയിലേക്കുള്ള ഫാസ്റ്റ് പാസഞ്ചർ ബസ്സിന്റെ വശത്തും പിന്നിലെ ചക്രത്തിന്റെ മുകളിലുമായാണ് വേരുടക്കിയത്.