ഇ.പി. ജയരാജൻ – ജാവദേക്കർ കൂടിക്കാഴ്ച: കടുത്ത നടപടിക്ക് സാധ്യത

0

തിരുവനന്തപുരം: ഇടതു മുന്നണി കണ്‍വീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട ബിജെപി പ്രവേശന വിവാദത്തിൽ പാർട്ടിയും മുന്നണിയും പ്രതിരോധത്തിലായിരിക്കെ നടപടിയിലേക്ക് സിപിഎം. തെരഞ്ഞെടുപ്പ് വിലയിരുത്താൻ തിങ്കളാഴ്ച ചേരുന്ന സിപിഎം സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്യും. മുന്നണി കൺവീനർ സ്ഥാനം ഒഴിയേണ്ടി വരുമെന്ന കാര്യം നേതാക്കൾ ഇപിയെ അറിയിച്ചതായാണ് വിവരം.

തെരഞ്ഞെടുപ്പ് ദിവസങ്ങളിൽ പുറത്തുവന്ന വിവാദം തിരിച്ചടിയാകുമോയെന്ന ആശങ്കയിൽ മുതിർന്ന നേതാവിനെതിരെ നടപടിയെടുത്ത് തൽക്കാലം മുഖംരക്ഷിക്കാനാണ് പാർ‌ട്ടി നീക്കം. ഇതോടൊപ്പം ബിജെപിയെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് പാർട്ടിയിൽ നിന്നും ശക്തമായ നടപടിയെന്ന സന്ദേശവും ഇതിലൂടെ നല്‍കാമെന്നും നേതാക്കൾ കണക്കുകൂട്ടുന്നു. മുഖ്യമന്ത്രിയടക്കം ജയരാജനെതിരെ രംഗത്തെത്തിയതോടെ ഭൂരിഭാഗം നേതാക്കളും നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ്. എന്നാൽ കണ്ണൂരിലെ ഒരു വിഭാഗം നേതാക്കൾ ബിജെപി നേതാവുമായുള്ള കൂടിക്കാഴ്ചയെ വിമർശിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.

അതേസമയം, വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം സർക്കാരിനെതിരെ ആഞ്ഞടിച്ചതോടെ ഇപിയെ പിന്തുണയ്ക്കുന്നില്ലെന്ന് മാത്രമല്ല കൃത്യമായ വിമര്‍ശനവും പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്. പ്രകാശ് ജാവദേക്കറുമായുളള കൂടിക്കാഴ്ച അത്ര നിഷ്‌കളങ്കമല്ലെന്നായിരുന്നു കേന്ദ്ര കമ്മിറ്റി അംഗമായ തോമസ് ഐസക്കിന്‍റെ പ്രതികരണം. നടപടി പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും തന്‍റെ നിലപാട് പാര്‍ട്ടി വേദിയില്‍ ശക്തമായി ഉന്നയിക്കുമെന്നും ഐസക്ക് വ്യക്തമാക്കിയിട്ടുണ്ട്. ഒട്ടുമിക്ക നേതാക്കളും ഇതേ വികാരത്തിലാണ്.

പാര്‍ട്ടി അച്ചടക്ക നടപടികളില്‍ ഒന്നായ പരസ്യശാസനക്ക് തുല്യമായി പോളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായിയുടെ പരസ്യവിമർശനം. അതുകൊണ്ട് തന്നെ കടുത്ത നടപടി ഉറപ്പാണ്. ഇടത് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നതില്‍ അവസാനിക്കുമോ കേന്ദ്ര കമ്മറ്റി അംഗത്തിനെതിരായ അച്ചടക്ക നടപടിയെന്നാണ് ഇനി അറിയേണ്ടത്. മുഖ്യമന്ത്രിയും ജയരാജനെ കൈവിട്ടതോടെ പിണറായി വിജയൻ പറഞ്ഞതാണ് പാർട്ടി നയമെന്ന ഉറച്ച നിലപാടിലാണ് ഭൂരിഭാഗം പേരും. എന്നാൽ, ഒറ്റയടിക്ക് നടപടിയെടുത്ത് വിഷയം ചര്‍ച്ചയാകുന്നതിലും ഒരു വിഭാഗം നേതാക്കൾക്ക് എതിർപ്പുണ്ടെന്നതിനാൽ ഇ.പിക്കെതിരായ നടപടിയിൽ സാവകാശം ലഭിക്കാനും സാധ്യതയുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *