ഉത്തരക്കടലാസിൽ ജയ് ശ്രീറാം, 4 വിദ്യാർഥികൾക്ക് 50% മാർക്ക്
വാരാണസി: ഡിപ്ലോമ ഇൻ ഫാർമസി (ഡിഫാർമ) കോഴ്സ് പരീക്ഷയുടെ ഉത്തരക്കടലാസിൽ ‘ജയ് ശ്രീറാം’ എന്നും ചില ക്രിക്കറ്റ് താരങ്ങളുടെ പേരുകളും മാത്രം എഴുതിയ നാല് വിദ്യാർഥികൾക്ക് 50 ശതമാനം മാർക്ക് നൽകി. ഉത്തർ പ്രദേശ് സർക്കാരിനു കീഴിലുള്ള വീർ ബഹാദൂർ സിങ് പൂർവാഞ്ചൽ യൂണിവേഴ്സിറ്റി നടത്തിയ പരീക്ഷയിലാണ് സംഭവം.
ഇവരുടെ സഹപാഠി വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് ഉത്തരക്കടലാസിലെ വിവരങ്ങൾ പുറത്തുവന്നത്. ഇതിനു പിന്നാലെ അന്വേഷണം നടത്തിയ യൂണിവേഴ്സിറ്റി നാല് വിദ്യാർഥികളുടെയും മാർക്ക് പൂജ്യമാക്കി. ഇവർക്ക് 50 ശതമാനം മാർക്ക് നൽകിയ രണ്ട് അധ്യാപകരെ പിരിച്ചുവിടാൻ അന്വേഷണ സമിതി ശുപാർശയും നൽകിയിട്ടുണ്ട്.
സർവകലാശാലയുടെ ചാൻസലർ കൂടിയായ ഗവർണർ ആനന്ദിബെൻ പട്ടേൽ അനുമതി നൽകിയാൽ മാത്രമേ പിരിച്ചുവിടൽ നടപടി സാധുവാകൂ. ദിവ്യാംശു സിങ് എന്ന വിദ്യാർഥിയാണ് മറ്റു നാലു വിദ്യാർഥികളുടെ ഉത്തരക്കടലാസ് പരിശോധിക്കാൻ ആർടിഐ പ്രകാരം അപേക്ഷ നൽകുകയും ഗവർണറോടു പരാതിപ്പെടുകയും ചെയ്തത്.