പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്ന സംഭവം: ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍
പത്തനംത്തിട്ട: പത്തനംത്തിട്ട പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്ന സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചു. നടന്നത് ഗുരുതര വീഴ്ചയാണെന്ന് വിലയിരുത്തി ജില്ലാ കളക്ടര്‍ കോന്നി താലുക്ക് ഓഫീസിലെ എൽഡി ക്ലർക്ക് യദു കൃഷ്ണനെ സസ്പെന്‍ഡ് ചെയ്തു. നടപടിയെടുക്കാൻ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. പിഡിഎഫ് ഫയൽ ഉദ്യോഗസ്ഥന്‍റെ കയ്യില്‍ നിന്നാണ് വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് പട്ടിക ചോര്‍ന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഗുരുതര വീഴ്ചയായതിനാൽ ഇയാൾക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്ന് കളക്‌ടർ അറിയിച്ചു. സംഭവത്തൽ ആർഡിഒയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തും. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്ക് ഉണ്ടോ എന്ന് അന്വേഷിക്കാൻ സമിതി രൂപവത്കരിച്ചിട്ടുണ്ട്. വീഴ്ചയിൽ ക്രിമിനൽ നിയമ നടപടി എടുക്കുമെന്നും സൈബർ സെല്ലിന് പരാതി നൽകുമെന്നും ജില്ലയിലെ മുഴുവൻ ഉദ്യോഗസ്ഥരെയും രാത്രി തന്നെ പുനർവിന്യസിച്ചുവെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.