ഇന്ന് നിശബ്ദ പ്രചാരണം; കേരളത്തിൽ വിധിയെഴുതാൻ മണിക്കൂറുകൾ ബാക്കി, നാല് ജില്ലകളിൽ നിരോധനാജ്ഞ
തിരുവനന്തപുരം: അടുത്ത അഞ്ച് വർഷത്തേക്കുള്ള കേരളത്തിന്റെ വിധിയെഴുതാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിനു ശേഷം സംസ്ഥാനം നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലേക്ക് കടന്നു പോവുകയാണ്. അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളിലാണ് ഓരോ മുന്നണി സ്ഥാനാര്‍ത്ഥികളും. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. 25,231 ബൂത്തുകളിലായി 2.77 കോടി ജനങ്ങൾ വോട്ട് ചെയ്യും.
തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികകൾ രാവിലെ എട്ട് മണി മുതൽ വിതരണം ചെയ്യും.നാളെ രാവിലെ ഏഴുമണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് എന്നീ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കെയാണ്. സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാരെയും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്രസേനയെയും നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ഇന്ന് കൂടി പോസ്റ്റൽ വോട്ട് ചെയ്യാവുന്നതാണ്. ഇതിനായുള്ള വോട്ടിംഗ് കേന്ദ്രങ്ങൾ ഇന്നുകൂടി പ്രവർത്തിക്കും. ജൂൺ നാലിനാണു വോട്ടെണ്ണൽ.