നാല്‍പ്പത് നാള്‍ നീണ്ട ലോക്സഭാ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് ഇന്ന് വൈകിട്ട് ആറിന് തിരശ്ശീല വീഴും.

0

റോഡ് ഷോയും ബൈക്ക് റാലിയുമൊക്കെയായി ഇന്നുച്ചയ്ക്കു ശേഷം പ്രചാരണത്തിന്‍റെ കൊഴുപ്പു കൂട്ടും. വൈകുന്നേരം ആറിനു ശേഷം കൂട്ടലിന്‍റെയും കിഴിക്കലിന്‍റെയും ദിനരാത്രങ്ങള്‍. നിശബ്ദ പ്രചാരണത്തിന്‍റെ മണിക്കൂറുകള്‍. വെള്ളിയാഴ്ച രാവിലെ ഏഴു മുതല്‍ പോളിംഗ് ബൂത്തിലേക്കു ജനം ഒഴുകുന്പോള്‍ വോട്ടുറപ്പിക്കാനുള്ള തത്രപ്പാടുകള്‍.2.77 കോടി മലയാളികള്‍ ജനാധിപത്യത്തിന്റെ നിലനില്‍പ്പിനായി നിർണായക വിധിയെഴുതും.രാജ്യത്ത് നടക്കുന്ന പൊതുതിരഞ്ഞെടിപ്പിലെ രണ്ടാം ഘട്ടത്തിലാണ് കേരളം സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.

വോട്ടെടുപ്പിനുള്ള നടപടിക്രമങ്ങള്‍ പൂർത്തിയായതായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജീവ് കൗള്‍ അറിയിച്ചു. കൊടും ചൂടും ഒപ്പം വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് വന്നതും വോട്ടിംഗ് ശതമാനത്തെ ബാധിക്കാതിരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനും രാഷ്ട്രീയ പാർട്ടികളും മുസ്‌ലിം സംഘടനകളും ജാഗ്രതയോടെയുള്ള നീക്കങ്ങളാണ് നടത്തുന്നത്. കൊട്ടിക്കലാശം ഗംഭീരമാക്കാൻ രാഷ്ട്രീയ പാർട്ടികളും അവസാന മണിക്കൂറുകളില്‍ പരമാവധി വോട്ടുറപ്പിക്കാനുള്ള നീക്കങ്ങളുമായി സ്ഥാനാർഥികളും സജീവമാണ്.
കഴിഞ്ഞ ആഴ്ച നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞത് ആശങ്ക ഉയർത്തിയിരുന്നു.
ഇതുകൂടി മുൻനിർത്തിയാണ് കേരളത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെയും രാഷ്ട്രീയ പാർട്ടികളുടെയും നീക്കങ്ങള്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയിരുന്നു. പല മണ്ഡലങ്ങളിലും പോളിംഗ് 80 ശതമാനത്തിന് മുകളിലെത്തിയിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലെ മികച്ച പോളിംഗായിരുന്നു ഇത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്‌ലിം വിരുദ്ധ പരാമർശവും പി വി അൻവർ എം എല്‍ എയുടെ രാഹുല്‍ ഗാന്ധിക്കെതിരായ വിമർശവും കഴിഞ്ഞ രണ്ട് ദിവസമായി പ്രചാരണത്തിലെ ചൂടേറിയ വിവാദമാണ്. ഇന്നും നാളെയുമായി ഇത്തരം വൈകാരിക വിഷയങ്ങള്‍ വീണ്ടും ചർച്ചയായേക്കും.
മുഖ്യമന്ത്രി പിണറായി വിജയനെയും സി പി എമ്മിനെയും ബി ജെ പിക്കൊപ്പം ചേർത്തുകെട്ടി രാഹുല്‍ ഗാന്ധിക്കെതിരാണെന്ന തരത്തില്‍ പ്രചാരണം ഉയർത്താൻ കോണ്‍ഗ്രസ്സ് കിണഞ്ഞു ശ്രമിക്കുന്നുണ്ട്. എന്നാല്‍, ബി ജെ പിക്കൊപ്പം രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ്സിനെയും രൂക്ഷമായി വിമർശിച്ച്‌ തന്നെയാണ് ഇടതിന്റെ പ്രചാരണങ്ങള്‍ക്ക് ചുക്കാൻ പിടിക്കുന്ന പിണറായി വിജയൻ പ്രചാരണം സജീവമാക്കിയത്.നാളെ നിശബ്ദ പ്രചാരണം നടക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *