രാഹുൽഗാന്ധിക്കെതിരെ പിവി അൻവറിന്റെ അധിക്ഷേപം; തെര. കമ്മീഷന് പരാതി നൽകിയെന്ന് എംഎം ഹസൻ
തിരുവനന്തപുരം : രാഹുൽഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ നിലമ്പൂർ എംഎൽ
എ പി.വി അൻവറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായി കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസൻ. നെഹ്റു കുടുംബത്തെയും രാഹുൽഗാന്ധിയെയും നികൃഷ്ടമായ ഭാഷയിൽ അപമാനിച്ച അൻവറിനെതിരെ പോലീസ് അടിയന്തരമായി കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പി.വി അൻവർ ഗോഡ്സെയുടെ പുതിയ അവതാരമാണ്. ഗാന്ധിജിയെ കൊന്ന ഗോഡ്സെയുടെ വെടിയുണ്ടകളെക്കാൾ മാരകമാണ് അൻവറിന്റെ വാക്കുകൾ. ജനപ്രതിനിധിയെന്ന നിലയിൽ ഒരിക്കലും നാവിൽ നിന്ന് വീഴാൻ പാടില്ലാത്ത പരാമർശമാണ് അൻവർ നടത്തിയത്. മുഖ്യമന്ത്രിയുടെ ചാവേറായാണ് പിവി അൻവർ പ്രവർത്തിക്കുന്നത്. രാഹുൽഗാന്ധിക്കെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കുന്ന പിണറായി വിജയൻ, ഈ അപമാന പ്രസംഗം സ്വയം പറയാതെ പിവി അൻവറിനെക്കൊണ്ട് പറയിച്ചതാണെന്നും ഹസൻ ചൂണ്ടിക്കാട്ടി.