കേരളത്തിൽ പരസ്യപ്രചാരണം നാളെ അവസാനിക്കും
തിരുവനന്തപുരം: കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം നാളെ കൊട്ടിക്കലാശത്തോടെ സമാപിക്കും. പരസ്യ പ്രചാരണം നാളെ അവസാനിക്കും. ഇന്നും നാളെയും കൂടിയാണ് പ്രചാരണത്തിന് സമയം അവശേഷിക്കുന്നത്. പോളിംഗ് വെള്ളിയാഴ്ചയാണ്. 20 ലോക്സഭാ മണ്ഡലങ്ങളിലെ വിധിയെഴുത്ത് ഭരണകക്ഷിയായ എൽഡിഎഫിനും പ്രതിപക്ഷമായ യുഡിഎഫിനും കേന്ദ്ര ഭരിക്കുന്ന എൻഡിഎയ്ക്കും നിർണായകം.
സ്ഥാനാര്‍ത്ഥികളുടെ അവസാനവട്ട മണ്ഡലപര്യടനങ്ങള്‍ ഇന്നും നാളെയുമായി നടക്കും. പലയിടങ്ങളിലായി ദേശീയനേതാക്കളും സംസ്ഥാന നേതാക്കളും ക്യാമ്പ് ചെയ്ത് പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്നു. നാളെ വൈകീട്ട് ആറ് വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം.
സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ 194 സ്ഥാനാർഥികളാണ് മത്സരരംഗത്ത്. അതിൽ 25 പേർ സ്ത്രീകളാണ്. പുരുഷന്മാർ 169. പൗരത്വ നിയമഭേദഗതിയിൽ തുടങ്ങി പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം വരെ എത്തിനിൽക്കുകയാണ് പ്രചാരണ വിഷയങ്ങൾ. അടിയൊഴുക്കുകൾ അനുകൂലമാക്കാൻ സകല അടവുകളും പയറ്റുകയാണ് രാഷ്ട്രീയപ്പാർട്ടികൾ. കേരളത്തിലെ പരസ്യ പ്രചാരണം നാളെ അവസാനിക്കുമെങ്കിലും രാഷ്ട്രീ പാർട്ടികളുടെ അടവുകൾ നാളെക്കൊണ്ടും തീരില്ല.