മണിപ്പൂരിൽ സംഘർഷത്തെ തുടർന്ന് തീരുമാനിച്ച റിപോളിംഗ് ഇന്ന്
മണിപ്പൂരിൽ ആദ്യഘട്ട വോട്ടെടുപ്പിനിടെ സംഘർഷമുണ്ടായ 11 ബൂത്തുകളിൽ ഇന്ന് റീപോളിങ് നടത്തും. 19ന് നടന്ന വോട്ടെടുപ്പിൽ സംസ്ഥാനത്ത് 69.18 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. ഖുറൈ അസംബ്ലി മണ്ഡലത്തിൽ മൊയ്രാങ്കാമ്പ് സജീബ് അപ്പർ പ്രൈമറി സ്‌കൂൾ, എസ്. ഇബോബി പ്രൈമറി സ്‌കൂൾ (ഈസ്റ്റ് വിങ്), ക്ഷേത്രിഗാവോ-നാല് ബൂത്ത്, തോങ്‌ജു-ഒരു ബൂത്ത്, ഉറിപോക്ക്-മൂന്ന് ബൂത്ത്, കൊന്തൗജം-ഒരു ബൂത്ത് എന്നിവിടങ്ങളിലാണ് റീപോളിങ് നടത്തുക.
ഒന്നാംഘട്ട വോട്ടെടുപ്പിനിടെ വെടി വെയ്പ്പും വ്യാപക സംഘർഷവും ഉണ്ടായ ബൂത്തുകളിലാണ് ഇന്ന് റീപോളിങ് നടക്കുകൗ. അക്രമികൾ പോളിംഗ് സാമഗ്രികൾ ഉൾപ്പെടെ നശിപ്പിച്ചിരുന്നതായും, ഇവിഎമ്മുകൾക്കും കേടുപാടുണ്ടായതായും റിപ്പോർട്ട് ചെയ്തു.റീപോളിങ്ങിനായി കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ബൂത്തുകളിൽ ഇന്ന് ഒരുക്കിയിരിക്കുന്നത്.
രണ്ട് ലോക്സഭാ മണ്ഡലങ്ങളായ ഇന്നര്‍ മണിപ്പൂരിലും ഔട്ടര്‍ മണിപ്പൂരിലും – വെള്ളിയാഴ്ച 72 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ബൂത്തുകള്‍ പിടിച്ചെടുക്കുകയും തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടുകയും ചെയ്തുവെന്നാരോപിച്ച് 47 പോളിങ് സ്റ്റേഷനുകളില്‍ റീപോളിങ് നടത്തണമെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അതേസമയം ഔട്ടർ മണിപ്പൂരിലെ 13 മണ്ഡലങ്ങളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 26 ന് നടക്കും. ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ ഏഴ് ഘട്ടങ്ങളിലായാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.