82 പവന്‍ സ്വര്‍ണം, ഇന്നോവ, ടയോട്ട ഗ്ലാന്‍സ, ഥാര്‍, മേജര്‍ ജീപ്പ്, ബുള്ളറ്റ്! ഷെമിയും സോജനും ആഡംബര ജീവിതം
തൃശൂർ: തൃശൂരിൽ വയോധികനെ ഹണിട്രാപ് കേസിൽപ്പെടുത്തി രണ്ട് കോടി തട്ടിയെടുത്ത പ്രതികൾ വാങ്ങിയത് സ്വർണവും ആഡംബര വാഹനങ്ങളും. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഒറ്റയില്‍പടിത്തറ്റില്‍ വീട്ടില്‍ ഷെമി എന്ന ഫാബി (38), കൊല്ലം പെരിനാട് സ്വദേശിയായ മുണ്ടക്കല്‍, തട്ടുവിള പുത്തന്‍ വീട്ടില്‍ സോജന്‍ എസ് സെന്‍സില ബോസ് (32) എന്നിവരാണ് തൃശൂര്‍ വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. തട്ടിയെടുത്ത രണ്ടരക്കോടി രൂപയുടെ വസ്തുക്കള്‍ ഉള്‍പ്പെടെയാണ് ഇവരെ പൊലീസ് പിടികൂടിയത്.
ഹണിട്രാപ്പിലൂടെ പ്രതികള്‍ തട്ടിയെടുത്ത പണം ഉപയോഗിച്ചത് സ്വര്‍ണവും ആഡംബര വാഹനങ്ങളും വാങ്ങാനാണെന്ന് പൊലീസ് അറിയിച്ചു. തട്ടിയെടുത്ത പണം ഉപയോഗിച്ച് 82 പവന്‍ സ്വര്‍ണാഭരണങ്ങളും ഇന്നോവ കാര്‍, ടയോട്ട ഗ്ലാന്‍സ കാര്‍, മഹീന്ദ്ര ഥാര്‍ ജീപ്പ്, മേജര്‍ ജീപ്പ്, എന്‍ഫീല്‍ഡ് ബുള്ളറ്റ് എന്നീ വാഹനങ്ങളും പ്രതികള്‍ വാങ്ങിയിരുന്നു. പ്രതികള്‍ക്കൊപ്പം ഇവയും പൊലീസ് പിടിച്ചെടുത്തു. തുടര്‍ന്ന കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. 2020ലാണ് കേസിന് ആസ്പദമായ സംഭവം. തൃശൂരിലെ വ്യാപാരിയായ പരാതിക്കാരന് വാട്ട്‌സാപ്പില്‍ മെസേജ് അയച്ച് യുവതി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.
വിവാഹിതയാണെന്ന കാര്യം മറച്ചുവച്ച് എറണാകുളത്ത് ഹോസ്റ്റലില്‍ താമസിക്കുന്ന 23 വയസുകാരിയാണെന്ന് വ്യാപാരിയെ വിശ്വസിപ്പിച്ചു. ആദ്യമൊക്കെ ഹോസ്റ്റല്‍ ഫീസിനും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുമായി ചെറിയ തുകകള്‍ വ്യാപാരിയില്‍നിന്നും കടം വാങ്ങിയിരുന്നു. പിന്നീട് ലൈംഗിക ചുവയുള്ള വീഡിയോ കോളുകളിലേക്ക് മാറി. പിന്നീട് നഗ്നത പകര്‍ത്തിയ വീഡിയോ പുറത്തു വിടുമെന്ന വ്യാപാരിയെ ഭീഷണിപ്പെടുത്തി വന്‍ തുകകള്‍ ആവശ്യപ്പെടുകയായിരുന്നു. പ്രതിയുടെ ഭീഷണിയില്‍ ഭയന്ന വ്യാപാരി തന്റെ കൈവശമുള്ള പണവും ഭാര്യയുടെയും ഭാര്യാമാതാവിന്റെയും പേരിലുള്ള ഫിക്‌സഡ് ഡെപ്പോസിറ്റ് തുകകള്‍ പിന്‍വലിച്ചതും ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ പണയം വച്ചും രണ്ടരക്കോടി രൂപ യുവതിക്ക് കൈമാറി.
എന്നാല്‍ പിന്നെയും പണം ആവശ്യപ്പെട്ടതോടെ വ്യാപാരി മകനെ ഇക്കാര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മകന്‍ വ്യാപാരിയുമായെത്തി വെസ്റ്റ് പോലീസില്‍ പരാതി നല്‍കി. വെസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ പി. ലാല്‍കുമാര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയ കേസില്‍ ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ, തൃശൂര്‍ സബ് ഡിവിഷന്‍ എ.സി.പി. എന്‍.എസ്. സലീഷ് എന്നിവരുടെ നേതൃത്വത്തില്‍ പി. ലാല്‍കുമാര്‍, സൈബര്‍ സ്റ്റേഷന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ വി.എസ്. സുധീഷ് കുമാര്‍, വെസ്റ്റ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സെസില്‍ കൃസ്ത്യന്‍ രാജ്, എ.എസ്.ഐ. പ്രീത, ദീപക്ക്, ഹരീഷ്, അജിത്ത്, അഖില്‍, വിഷ്ണു, നിരീക്ഷ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ വലയിലാക്കിയത്.
. ബെംഗളൂരുവിലെ തെരുവില്‍ വച്ച് പത്ത് വയസുകാരൻ പീഡിപ്പിച്ചെന്ന് യുവതി; വീഡിയോ വൈറൽ
പ്രതികളുടെയും വ്യാപാരിയുടെയും ബാങ്ക് ഇടപാടുകളും സൈബര്‍ തെളിവുകളും ശേഖരിച്ചു. അന്വേഷണത്തില്‍ പ്രതികള്‍ കൊല്ലം പനയത്തുള്ള അഷ്ടമുടിമുക്ക് എന്ന സ്ഥലത്ത് ദമ്പതികളെന്ന വ്യാജേന ആഡംബര ജീവിതം നയിക്കുകയാണെന്ന് കണ്ടെത്തി. ഇവരുടെ സമീപകാലത്തെ സ്വത്തു വിവരങ്ങള്‍ അന്വേഷിച്ചു വരുന്നതിനിടെ സംശയം തോന്നിയ പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ വയനാട്ടിലുണ്ടെന്നറിഞ്ഞ് അന്വേഷിച്ചപ്പോഴേക്കും ഇരുവരും സ്ഥലം വിട്ടു. എന്നാല്‍ അങ്കമാലിയില്‍നിന്നും പോലീസ് വിദഗ്ധമായി പിടികൂടുകയായിരുന്നു.