ഇതുവരെ നിർമ്മിക്കപ്പെട്ടത് 700 മില്യൺ ഗിബ്ലി ചിത്രങ്ങൾ ; കണക്ക് പുറത്ത് വിട്ട് സാം ആൾട്ട്മാൻ

സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയം കൊണ്ടുതന്നെ ട്രെൻഡിങ്ങായി മാറിയിരിക്കുകയാണ് ചാറ്റ് ജിപിടി-4ഒയുടെ ഇമേജ് ജനറേറ്റർ ഒരുക്കിയ ഗിബ്ലി ചിത്രങ്ങൾ.സംഭവം തരംഗമായതോടെ ആളുകൾ മുഴുവൻ ചിത്രങ്ങൾ നിർമ്മിക്കുന്ന തിരക്കിലാണ് , ഇത്തരത്തിൽ 700 മില്യൺ ചിത്രങ്ങളാണ് ഇതുവരെ ജനറേറ്റ് ചെയ്യപ്പെട്ടതെന്നാണ് പുറത്ത് വരുന്ന കണക്കുകൾ. ഇത് സംബന്ധിച്ച വിവരം ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ തന്നെയാണ് കഴിഞ്ഞ ദിവസം തന്റെ എക്‌സ് പോസ്റ്റിലൂടെ അറിയിച്ചത്.വെബിൽ ഇപ്പോൾ ചാറ്റ് ജിപിടി വേഗത്തിലാണെന്നും, പ്രശ്നങ്ങൾ പരിഹരിക്കാൻ ടീം കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും പോസ്റ്റിൽ പറയുന്നു. ഏറ്റവുമധികം ചിത്രങ്ങൾ നിർമ്മിച്ചത് ഇന്ത്യയിലാണെന്നതും ഏറെ ശ്രദ്ധേയമാണ്. അതിനാൽ ചാറ്റ് ജിപിടിയുടെ ഏറ്റവും മികച്ച വിപണിയായി ഇന്ത്യ മാറിയിട്ടുണ്ടെന്നതും കണക്കുകളിൽ നിന്ന് വ്യക്തമാണ്.
സംഭവം വൈറലായതോടെ സർവറുകൾ തകാറിലാവുകയും ചിത്രങ്ങൾ നിർമ്മിക്കുന്നതിൽ തടസ്സങ്ങൾ നേരിടുക പോലും ചെയ്‌തിരുന്നു.
ഞങ്ങളുടെ തൊഴിലാളികൾക്ക് ഉറങ്ങാൻ പോലും സാധിക്കുന്നില്ലെന്ന് തുറന്ന് പറഞ്ഞുകൊണ്ട് ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ എക്‌സ് പോസ്റ്റിട്ടതും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അത്രയ്ക്ക് വർക്ക് ലോഡ് ആയിരുന്നു ഇമേജ് ജനറേഷൻ ഫീച്ചർ എത്തിയതോടെ ചാറ്റ് ജിപിടി നേരിട്ടിരുന്നത്.
ഗിബ്ലി ചിത്രങ്ങൾ നിർമ്മിക്കുന്നത് സ്വകാര്യതയ്ക്ക് ഭീഷണിയാകുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ഭീഷണിയാണ് നിലവിൽ നിലനിൽക്കുന്നത്. എന്നാൽ ഈ വാർത്തകളോട് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.