UPയില്‍ ഒരാള്‍ക്ക് 6വോട്ട്”; BJPക്കെതിരെ കള്ളവോട്ട് ആരോപണവുമായി അഖിലേഷ്

ലഖ്‌നൗ: ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ കൃത്രിമം ചൂണ്ടിക്കാട്ടി സമാജ്‌വാദി പാർട്ടി. തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്വാധീനം പ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രവർത്തിച്ചതെന്നതാണ് എസ് പി പ്രസിഡൻ്റും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിൻ്റെ ആരോപണം. തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ ‘വോട്ട് ചോരി’ ആരോപണങ്ങൾക്ക് തൊട്ടുപിന്നാലെയാണ് സമാജ്‌വാദി പാര്‍ട്ടിയുടെ ആരോപണം ഉന്നയിച്ചത്.ഈ തെരഞ്ഞെടുപ്പുകളിൽ, ഏതൊക്കെ ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ടാകണമെന്നും, ഓരോരുത്തരും എത്ര വോട്ടുകൾ നേടുമെന്നും ഭരണകൂടം മുൻകൂട്ടി നിശ്ചയിച്ചിരുന്നുവെന്നും, വ്യക്തികൾക്ക് ഒന്നിലധികം വോട്ടുകൾ നടത്താൻ പോലും സൗകര്യമൊരുക്കിയിരുന്നുവെന്നും അഖിലേഷ് അവകാശപ്പെട്ടു.
“ഓരോരുത്തരും ആറ് വോട്ട് വീതം ചെയ്യുന്നതിൻ്റെ വീഡിയോകൾ ഞങ്ങളുടെ പക്കലുണ്ട്, ഒരാൾ തൻ്റെ മണ്ഡലത്തിന് പുറത്ത് വോട്ട് ചെയ്യുന്നത് പിടിക്കപ്പെട്ടു, യുപിയിലെ ബിജെപി മന്ത്രിമാർ പോളിങ് ബൂത്തുകളുടെ സമീപം തന്നെയാണ് താമസിച്ചിരുന്നത്” അഖിലേഷ് യാദവ് ആരോപിച്ചു.രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ യുപി ചീഫ് ഇലക്‌ടറൽ ഓഫിസർ തള്ളിക്കളഞ്ഞതിന് തൊട്ടുപിന്നാലെയാണ് അഖിലേഷ് യാദവിൻ്റെ പരാമർശം. തെരഞ്ഞെടുപ്പ് കമ്മിഷൻ നീതി നടപ്പാക്കുമോ എന്ന കാര്യത്തിൽ വലിയ ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുന്ദർകി, മിരാപൂർ, അയോധ്യയിലെ ഫൈസാബാദ് എന്നിവിടങ്ങളിലെ ചില ഉപതെരഞ്ഞെടുപ്പുകളിൽ വോട്ട് മോഷണം നടത്തിയിരുന്നു, ബിജെപിയുടെ നിർദേശപ്രകാരം തെരഞ്ഞെടുപ്പ് കമ്മിഷൻ വോട്ട് കൊള്ള നടത്തിയെന്നും അഖിലേഷ് ആരോപിച്ചു.