സ്കൂളിനു സമീപത്തെ ആശുപത്രിയിലെ; ജനറേറ്ററിൽനിന്നുള്ള പുക ശ്വസിച്ച് വിദ്യാർഥികൾ ആശുപത്രിയിൽ
കാഞ്ഞങ്ങാട് : സ്കൂളിനു സമീപത്തെ ആശുപത്രിയിലെ ജനറേറ്ററിൽനിന്നുള്ള പുക ശ്വസിച്ച് 50 സ്കൂൾ വിദ്യാർഥികൾ ആശുപത്രിയിൽ. കാസർകോട് കാഞ്ഞങ്ങാടാണു സംഭവം. കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററിൽനിന്നുള്ള പുക ശ്വസിച്ചാണു തൊട്ടടുത്തുള്ള ലിറ്റിൽ ഫ്ലവർ സ്കൂളിലെ വിദ്യാർഥികൾക്കു ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. വിദ്യാർഥികളെ അമ്മയും കുഞ്ഞും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ക്ലാസ് മുറിക്ക് അടുത്തായാണ് ജനറേറ്റർ സ്ഥാപിച്ചിരുന്നത്. ജനറേറ്ററിൽനിന്നുള്ള പുക ശ്വസിച്ച് കുട്ടികൾക്ക് ശ്വാസതടസ്സവും തലകറക്കവും അനുഭവപ്പെട്ടു. 5 കുട്ടികളെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ആരുടെയും നില ഗുരുതരമല്ല. സ്ഥിതിഗതികൾ വിലയിരുത്താൻ സബ് കലക്ടർ സുഫിയാൻ അഹമ്മദ് സ്ഥലത്തെത്തി.