വഖഫ് നിയമ ഭേദഗതി ബില്ലിനെ പിന്തുണച്ചു: 5 JDU നേതാക്കൾ പാർട്ടി വിട്ടു

പാറ്റ്‌ന :വഖഫ് നിയമ ഭേദഗതി ബില്ലിനെ പിന്തുണച്ചതിന് പിന്നാലെ ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവിൽ പൊട്ടിത്തെറി. 5 നേതാക്കൾ പാർട്ടി വിട്ടു. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എൻഡിഎ സഖ്യത്തിൽ വലിയ പ്രതിസന്ധിയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടത്.ജെഡിയു യുവജന വിഭാഗം സംസ്ഥാന ഉപാധ്യക്ഷനായ തബ്രീസ് ഹസനാണ് ഏറ്റവും ഒടുവിൽ പാർട്ടി വിട്ടത്. ജെഡിയു ന്യൂനപക്ഷ വിഭാഗം സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാനവാസ് മാലിക്, സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് തബ്രീസ് സിദ്ദീഖി, ഭോജ്പൂരിൽ നിന്നുള്ള പാർട്ടി നേതാവ് മുഹമ്മദ് ദിൽഷൻ റെയിൻ, ജെഡിയുവിന്റെ മുൻ സ്ഥാനാർഥി കൂടിയായ മുഹമ്മദ് കാസിം അൻസാരി എന്നിവരാണ് പാർട്ടി വിട്ടത്.
തബ്രിസ് ഹസ്സൻ ബിഹാർ മുഖ്യമന്ത്രി കൂടിയായ നിതീഷ് കുമാറിനാണ് ഇന്ന് രാജിക്കത്ത് അയച്ചത്. വഖഫ് നിയമ ഭേദഗതി ബില്ലിനെ പിന്തുണച്ചതിലൂടെ സംസ്ഥാനത്തെ മതന്യൂനപക്ഷങ്ങൾക്ക് ജെഡിയുവിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് രാജി കത്തിൽ ഇദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം മറ്റൊരു എൻഡിഎ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് ദളിലും നേതാക്കൾ പാർട്ടി വിട്ടു. ഉത്തർപ്രദേശിൽ പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ഷഹസൈബ് റിസ്വി പാർട്ടി വിട്ടു. മതേതര മൂല്യങ്ങൾ ഉപേക്ഷിച്ചതിന് പാർട്ടി തലവനായ ജയന്ത് ചൗധരിയെ അദ്ദേഹം രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. പാർട്ടിയുടെ ജില്ലാ ജനറൽ സെക്രട്ടറിമാരിൽ ഒരാളായ മുഹമ്മദ് സഖി, വഖഫ് നിയമ ഭേദഗതി ബില്ലിനെ എതിർത്ത പ്രതിപക്ഷനിരയിലെ 232 എംപിമാർക്ക് നന്ദി അറിയിച്ചുകൊണ്ട് പാർട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചു.