പാക് സൈന്യത്തിന് പാക് സുപ്രീം കോടതി വിധി കൂടുതൽ അധികാരം നൽകി

0

ലാഹോർ: ഇന്ത്യയുമായുള്ള ഏറ്റുമുട്ടലിൽ തിരിച്ചടികൾ നേരിടുന്നതിനിടെ സൈന്യത്തിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന വിധിയുമായി പാകിസ്താൻ സുപ്രീം കോടതി. സൈനിക കോടതികളിൽ സാധാരണക്കാരായ പൗരന്മാരെ വിചാരണ ചെയ്യാമെന്നാണ് ജസ്റ്റിസ് അമിനുദ്ദീൻ ഖാൻ അധ്യക്ഷനായ സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചിരിക്കുന്നത്. സൈനിക കോടതികളിൽ സാധാരണ പൗരന്മാരെ വിചാരണ ചെയ്യുന്നത് “ഭരണഘടനാ വിരുദ്ധമാണ്” എന്ന 2023 ഒക്ടോബറിലെ സുപ്രീം കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് പാക് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പുതിയ വിധി പ്രസ്താവം നടത്തിയിരിക്കുന്നത്.

സുപ്രീം കോടതി നേരത്തെ നടത്തിയ വിധിപ്രസ്താവത്തിനെതിരായി നൽകിയ ഒന്നിലധികം ഇൻട്രാ-കോർട്ട് അപ്പീലുകളിൽ വാദം കേട്ടതിന് ശേഷമായിരുന്നു സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പുതിയ വിധി പ്രഖ്യാപിച്ചത്. പാകിസ്താനിലെ ജനാധിപത്യ സംവിധാനത്തിന് മേൽ ആധിപത്യം പുലർത്തുന്നുവെന്ന ആരോപണത്തിന് വിധേയമായ സൈന്യത്തിന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിൻ്റെ തീരുമാനം കൂടുതൽ മേൽക്കൈ നൽകുമെന്നും വിലയിരുത്തലുകളുണ്ട്.

സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ ഈ വിധി 2023 മെയ് 9ന് നടന്ന സൈനിക വിരുദ്ധ പ്രതിഷേധങ്ങളിൽ ഉൾപ്പെട്ട സാധാരണക്കാരായ പൗരന്മാരുടെ സൈനിക വിചാരണയ്ക്ക് വഴിയൊരുമെന്നാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. മുൻ പ്രധാനമന്ത്രിയും പാർട്ടി മേധാവിയുമായ ഇമ്രാൻ ഖാന്റെ അറസ്റ്റിനെത്തുടർന്ന് ലക്ഷക്കണക്കിന് പാകിസ്ഥാൻ തെഹ് രീക്-ഇ-ഇൻസാഫ് (പിടിഐ) അനുയായികൾ സൈന്യത്തിനെതിരെ കലാപവുമായി തെരുവിൽ ഇറങ്ങിയിരുന്നു. സൈനിക കേന്ദ്രങ്ങൾക്കെതിരെ ആക്രമണവും ഉണ്ടായിരുന്നു. ഇതേ തുടർന്ന് ഇമ്രാൻ ഖാൻ്റെ ആയിരത്തോളം അനുയായികളെ അറസ്റ്റ് ചെയ്തിരുന്നു. പാർട്ടി അംഗങ്ങളെ യാതൊരു തെളിവുമില്ലാതെ ബലപ്രയോഗത്തിലൂടെയാണ് അറസ്റ്റ് ചെയ്തതെന്ന് പിടിഐ ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ച് സാധാരണ പൗരന്മാരെ സൈനിക വിചാരണയ്ക്ക് വിധേയമാക്കുന്നതിനെതിരെ വിധി പ്രസ്താവിച്ചത്. സൈനിക നിയമങ്ങൾ പ്രകാരം സൈനിക കോടതികൾക്ക് സാധാരണ പൗരന്മാരെ വിചാരണ ചെയ്യാൻ അനുമതി നിഷേധിച്ച വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിയമ നിർവ്വഹണ ഏജൻസികൾ ഉൾപ്പെടെ നിരവധി പുനഃപരിശോധനാ ഹർജികളാണ് ഏഴംഗ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് മുന്നിൽ സമർപ്പിക്കപ്പെട്ടിരുന്നുത്. 5-2 എന്ന ഭിന്ന വിധി പുറപ്പെടുവിച്ചുകൊണ്ടാണ് ഏഴംഗ ഭരണഘടനാ ബെഞ്ച്, അപ്പീലുകൾ ശരിവച്ച വിധി പ്രസ്താവം നടത്തിയത്. 1952 ലെ പാകിസ്ഥാൻ ആർമി ആക്ടിലെ മൂന്ന് വകുപ്പുകളും പാകിസ്ഥാൻ സുപ്രീം കോടതി പുനഃസ്ഥാപിച്ചതായാണ് ഡോൺ റിപ്പോർട്ട് ചെയ്യുന്നത്.

ഇതിനിടെ സുപ്രീം കോടതി വിധിക്കെതിരെ വിമർശനവുമായി ഇമ്രാൻ ഖാൻ്റെ പിടിഐ രംഗത്ത് വന്നിട്ടുണ്ട്. വിയോജിപ്പുകളെ അടിച്ചമർത്താൻ ജനറൽ അസീം മുനീറിന് സുപ്രീം കോടതിയുടെ പുതിയ വിധി അധികാരം നൽകുന്നുണ്ടെന്നാണ് പിടിഐയുടെ ആരോപണം. പാകിസ്താനിലെ പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഇമ്രാൻ ഖാനെ ജയിൽ മേചിതനാക്കണമെന്ന ആവശ്യവുമായി പിടിഐ പ്രവർത്തകർ പ്രതിഷേധിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് സുപ്രീം കോടതിയുടെ വിധി വന്നിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *