പുലർച്ചെ 4 മുതൽ ഉച്ചയ്ക്ക് 12.35 വരെ 334 വിവാഹങ്ങൾ; കല്യാണമേളത്തിൽ മുങ്ങി ഗുരുവായൂർ ക്ഷേത്ര നട

0

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രനട ഞായറാഴ്ച കല്യാണക്കാരുടേതായി. മൊത്തം 334 വിവാഹങ്ങളാണ് നടന്നത്. പുലര്‍ച്ചെ നാലു മുതല്‍ ഉച്ചയ്ക്ക് 12.35 വരെയായിരുന്നു കല്യാണങ്ങള്‍. ഗുരുവായൂരിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയധികം കല്യാണങ്ങള്‍. 354 എണ്ണം ശീട്ടാക്കിയിരുന്നു. പുലര്‍ച്ചെ നാലു മുതല്‍ വിവാഹങ്ങള്‍ ആരംഭിച്ചു. സാധാരണ രാവിലെ അഞ്ചു മുതലാണ് കല്യാണങ്ങള്‍ ആരംഭിക്കാറ്. എണ്ണം കൂടിയതിനാലാണ് പുലര്‍ച്ചെ നാലു മുതലാക്കിയത്.

ആറു മണ്ഡപങ്ങളിലായി താലികെട്ട് നടന്നു. നിലവില്‍ നാലു മണ്ഡപങ്ങളാണുള്ളതെങ്കിലും തിരക്ക് കാരണം ആറെണ്ണമാക്കുകയായിരുന്നു. കല്യാണ സംഘങ്ങളെ ആദ്യം തെക്കേ നടയിലെ പന്തലിലേക്ക് പ്രവേശിപ്പിച്ചു. അവിടെ നിന്ന് ടോക്കണ്‍ നല്‍കി. വധൂവരന്‍മാരും ബന്ധുക്കളും ഫോട്ടോഗ്രാഫര്‍മാരും ഉള്‍പ്പെടെ 24 പേരെ ഊഴമനുസരിച്ച് മണ്ഡപങ്ങളിലേക്ക് വിട്ടു. താലികെട്ടിന് അഞ്ചു മിനിറ്റായിരുന്നു സമയം. ഒരേ സമയം ആറു മണ്ഡപങ്ങളിലും കല്യാണങ്ങള്‍. താലികെട്ട് കഴിഞ്ഞ് വധൂവരന്‍മാര്‍ക്ക് ദീപസ്തംഭത്തിനു മുന്നില്‍ ഒരു മിനിറ്റ് തൊഴാനുള്ള അവസരവും നല്‍കി. ആദ്യത്തെ ഒരു മണിക്കൂറിനുള്ളില്‍ 49 കല്യാണങ്ങള്‍ നടന്നു. രാവിലെ എട്ടിനുള്ളില്‍ 185 എണ്ണം കഴിഞ്ഞു.

രാവിലെ എട്ടേകാല്‍ മുതല്‍ ഒമ്പതു വരെ പന്തീരടി പൂജയ്ക്കും 11.30 മുതല്‍ 12.30 വരെ നിവേദ്യത്തിനും ക്ഷേത്രനട അടച്ച നേരം കല്യാണങ്ങള്‍ ഉണ്ടായില്ല. എന്നാല്‍ 11 ആകുമ്പോഴേയ്ക്കും 320 കല്യാണങ്ങള്‍ നടന്നിരുന്നു. ഗുരുവായൂര്‍ ദേവസ്വവും പോലീസും ചേര്‍ന്നുള്ള കൃത്യമായ മുന്നൊരുക്കവും ആസൂത്രണവും കാരണം ഇത്രയും കല്യാണങ്ങള്‍ സുഗമമായി നടത്താനായി. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍, ഗുരുവായൂര്‍ എ.സി.പി: ടി.പി.സിനോജ് എന്നിവര്‍ മുഴുവന്‍ സമയവും ക്ഷേത്രനടയില്‍ മേല്‍നോട്ടത്തിനുണ്ടായി.

100 പോലീസുകാര്‍, ദേവസ്വത്തിന്റെ 50 സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍, ദേവസ്വം ജീവനക്കാര്‍ എന്നിവരും യോജിച്ച് പ്രവര്‍ത്തിച്ചു. കൂടാതെ ക്രമീകരണങ്ങള്‍ക്കായി ഗുരുവായൂര്‍ നഗരസഭയുടെ സജീവ ഇടപെടലുമുണ്ടായി. വിവാഹ രജിസ്‌ട്രേഷന് പ്രത്യേകമായ സൗകര്യങ്ങളും ഒരുക്കി. ക്ഷേത്രത്തില്‍ ഞായറാഴ്ച്ച ഉച്ചവരെ ദര്‍ശനത്തിന് തിരക്ക് നന്നേ കുറവായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *