പാകിസ്താനിൽ 39 പേർ കൊല്ലപ്പെട്ടു; വാഹനം തടഞ്ഞ് നിരവധി പേരെ വെടിവെച്ചുകൊന്നു
കറാച്ചി: പാകിസ്താനില്‍ വിവിധയിടങ്ങളിലുണ്ടായ തീവ്രവാദി ആക്രമണങ്ങളിൽ 39 പേർ കൊല്ലപ്പെട്ടു. തോക്കുധാരികൾ വാഹനം തഞ്ഞുനിർത്തി 23 പേരെ വെടിവെച്ചുകൊല്ലുകയായിരുന്നു. ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങളിൽനിന്ന് നിര്‍ബന്ധപൂര്‍വ്വം പുറത്തിറക്കിയായിരുന്നു കൊലപാതകങ്ങൾ. ബലൂചിസ്താനിലെ മുസാഖൈല്‍ ജില്ലയിലെ പഞ്ചാബ്-ബലൂചിസ്താന്‍ ഹൈവേയിലാണ് സംഭവം. അഞ്ചുപേര്‍ക്ക് പരിക്കേറ്റു.
അക്രമികള്‍ ബസുകളും ട്രക്കുകളും വാനുകളും തടഞ്ഞുനിര്‍ത്തി ആളുകളുടെ പരിശോധിച്ച ശേഷം തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഘത്തില്‍ നാല്പതോളം പേര്‍ ഉണ്ടായിരുന്നതായാണ് നിഗമനം. പത്ത് വാഹനങ്ങള്‍ക്ക് തീയിട്ടു. അധികൃതര്‍ സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി മുസാഖൈല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ നജീബ് കാക്കര്‍ അറിയിച്ചു.
നിരോധിത തീവ്രവാദസംഘടനയായ ബലൂച് ലിബറേഷന്‍ ആര്‍മിയാണ് അക്രമത്തിന് പിന്നിലെന്നാണ് നിഗമനം. വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിക്ക് അയച്ച പ്രസ്താവനയില്‍ സംഘടന ഉത്തരവാദിത്വം ഏറ്റെടുത്തു. തങ്ങള്‍ സുരക്ഷാഉദ്യോഗസ്ഥരെ മാത്രമാണ് ലക്ഷ്യമിട്ടതെന്ന് പ്രസ്താവനയില്‍ പറയുന്നു. ഹൈവേ ഉപയോഗിക്കരുതെന്ന് സംഘടന നേരത്തെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.