തെലങ്കാനയിൽ 30 വിദ്യാർത്ഥികൾ ആശുപത്രിയിൽ ; ഉച്ച കഴിഞ്ഞതോടെ കടുത്ത ചുമയും ശ്വാസ തടസവും
ഹൈദരാബാദ്: തെലങ്കാനയിലെ ഒരു സ്കൂളിൽ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് 30 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ വിദ്യാർത്ഥികൾക്ക് ആർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ, ഉച്ച കഴിഞ്ഞതോടെ വിദ്യാർത്ഥികൾക്ക് കടുത്ത ചുമയും ശ്വാസ തടസവും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് 30 വിദ്യാർത്ഥികളെ പെഡ്ഡപ്പള്ളി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെഡ്ഡപ്പള്ളിയിലുള്ള കസ്തൂർബാ ഗാന്ധി ഗേൾസ് വിദ്യാലയ എന്ന സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ശ്വാസ തടസം അനുഭവപ്പെട്ടത്. വിവരമറിഞ്ഞതോടെ രക്ഷിതാക്കൾ പരിഭ്രാന്തരായി സ്കൂളിലേയ്ക്ക് എത്തിയിരുന്നു. അടുത്തിടെ സ്കൂളിന് സമീപമുള്ള കൃഷിയിടങ്ങളിൽ കീടനാശിനി പ്രയോഗിച്ചിരുന്നുവെന്നും ഇതാകാം വിദ്യാർത്ഥികൾക്ക് ശ്വാസ തടസം അനുഭവപ്പെടാൻ കാരണമായതെന്നും പ്രദേശവാസികൾ പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസർ പ്രമോദ് കുമാർ ഉൾപ്പെടെ ആരോഗ്യ വകുപ്പിലെയും വിദ്യാഭ്യാസ വകുപ്പിലെയും ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി വിദ്യാർത്ഥികളുടെ ആരോഗ്യസ്ഥിതി വിലയിരുത്തി.
വിദ്യാർത്ഥികൾക്ക് അനുഭവപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ ഭക്ഷ്യവിഷബാധയെ തുടർന്നുള്ളതല്ലെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. വിദ്യാർത്ഥികൾക്ക് ഛർദ്ദിയോ വയറിളക്കമോ അനുഭവപ്പെട്ടിരുന്നില്ല. ഏതെങ്കിലും തരത്തിലുള്ള പകർച്ച വ്യാധിയാകാം ഇതിന് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. വിദ്യാർത്ഥികൾക്ക് ആർക്കും മറ്റ് പ്രശ്നങ്ങളില്ലെന്നും എല്ലാവരുടെയും ആരോഗ്യസ്ഥിതി സാധാരണ നിലയിലായെന്നും ആശുപത്രി അധികൃതർ അറിയിച്ചു.