‘3 പതിറ്റാണ്ട് സിപിഎം ജമാഅത്തെ ഇസ്‍ലാമിയെ തോളിലേറ്റി; പിണറായി എംഎൽഎയായത് ആർഎസ്എസ് പിന്തുണയോടെ’
പാലക്കാട്∙ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സംഘപരിവാറിനെ സുഖിപ്പിച്ച് കേസുകളിൽനിന്ന് രക്ഷപ്പെടുന്നയാളാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. മൂന്നു പതിറ്റാണ്ട് ജമാഅത്തെ ഇസ്‌ലാമിയെ തോളിലേറ്റിയ പാർട്ടിയാണ് സിപിഎം, ഇപ്പോൾ പഴിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാറിനെ ആർഎസ്എസ് നേതാക്കളെ കാണാൻ ദൂതനായി വിട്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്.
മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണ് അജിത് കുമാർ ബിജെപി നേതാക്കളെ കണ്ടത്. ഷാഫി പറമ്പിലിനെ തോൽപ്പിക്കാൻ കാഫിർ സ്ക്രീൻ ഷോട്ട് വിവാദമുണ്ടാക്കി സംഘപരിവാറിനെപ്പോലെ ആളുകളെ ഭിന്നിപ്പിച്ചത് മുഖ്യമന്ത്രിയുടെ പാർട്ടിയാണ്.മുഖ്യമന്ത്രിയുടെ പിആർ ഏജൻസി ദേശീയ മാധ്യമത്തിന് കേരളത്തിന് അപമാനകരമായ വാർത്ത കൊടുത്തത് എന്തിനാണെന്നും സതീശൻ ചോദിച്ചു. അത് സംഘപരിവാർ നരേറ്റീവാണ്. അവരെ സുഖിപ്പിച്ച് കേസുകളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി പിണറായി വിജയൻ നടത്തുന്ന ശ്രമമാണ് സിപിഎമ്മിനെ ഇപ്പോൾ തകർക്കുന്നത്.ഈ കുറ്റബോധത്തിലാണ് കോൺഗ്രസിനുനേരെ വർഗീയതയുടെ ആരോപണങ്ങൾ ഉന്നയിക്കുന്നത്.
ബിജെപിയുമായി ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഏറ്റുമുട്ടുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്. ആർഎസ്എസ് പിന്തുണയോടുകൂടി എംഎൽഎ ആയ വ്യക്തിയാണ് പിണറായി വിജയനെന്നും കുറ്റപ്പെടുത്തി. കോഴ ആരോപണത്തെ കുറിച്ചും സതീശൻ പരാമർശിച്ചു. രണ്ടു എംഎൽഎമാർക്ക് 50 കോടി വീതം വാഗ്ദാനം ചെയ്തു എന്നറിഞ്ഞിട്ട് മുഖ്യമന്ത്രി എന്തുനടപടിയാണ് എടുത്തതെന്നും അദ്ദേഹം ചോദിച്ചു. പാലക്കാട്ട് കോൺഗ്രസിൽ അനൈക്യമെന്ന് പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണ് സിപിഎം. കോൺഗ്രസിൽ അനൈക്യമില്ലെന്നും യുഡിഎഫ് ഒറ്റക്കെട്ടാണെന്നും സതീശൻ പറഞ്ഞു.