ജീപ്പ് കൊക്കയിലേയ്‌ക്ക് മറിഞ്ഞ് 3 മരണം : മരിച്ചവരിൽ ഒളിമ്പ്യൻ കെ എം ബീനാമോളുടെ സഹോദരിയും

ഇടുക്കി :ജീപ്പ് കൊക്കയിലേയ്‌ക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. ഒളിമ്പ്യൻ കെ എം ബീനാമോളുടെ സഹോദരി റീന, ഇവരുടെ ഭർത്താവ് ബോസ്, ബന്ധു എബ്രഹാം എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം നടന്നത്.
പന്നിയാർകുട്ടിയ്ക്ക് സമീപം കുത്തനെ ഉള്ള ഇറക്കവും കൊടും വളവും ഉള്ള ഭാഗത്തു വച്ച് നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു. ശബ്‌ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. വലിയ പാറക്കല്ലിന് അടിയിൽ പെട്ട അവസ്ഥയിലായിരുന്നു റീന.ബോസും റീനയും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. എബ്രഹാമിനെ വിദഗ്‌ധ ചികിത്സയ്ക്കായി എറണാകുളത്തേയ്‌ക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണപ്പെട്ടത്. കുടിവെള്ള വിതരണത്തിനായി റോഡരികിൽ ഇട്ടിരുന്ന ഹോസിൽ കയറി വാഹനത്തിന്‍റെ നിയന്ത്രണം നഷ്‌ടമായതാണെന്നാണ് സൂചന.വീതി കുറഞ്ഞ പാതയോരത്തു സ്ഥാപിച്ചിരുന്ന ഹോസുകൾ മണ്ണിട്ട് മൂടിയിരുന്നില്ല. ഹോസിൽ കയറിയതോടെ നിയന്ത്രണം നഷ്‌ടമായ വാഹനം റോഡിൽ നിന്നും തെന്നി മാറി സമീപത്തെ പാറക്കെട്ടുകളിലും മരത്തിലും ഇടിച്ച് കൊക്കയിലേയ്‌ക്ക് പതിയ്‌ക്കുകയായിരുന്നു.
കഴിഞ്ഞ രാത്രിയിൽ ബന്ധുവീട്ടിൽ സന്ദർശനം നടത്തിയ ശേഷം തിരികെ മടങ്ങുന്നതിനിടയിലായിരുന്നു അപകടം. വിദഗ്‌ധ ചികിത്സക്കായി എബ്രഹാമിനെ കൊണ്ടു പോകുന്നതിന് ഉടൻ ഐസിയു ആംബുലൻസ് ലഭിയ്ക്കാനും താമസം നേരിട്ടു.