കശ്മീരിൽ നിന്നും നോർക്ക ഹെൽപ്‌ഡെസ്‌ക്കിൽ ബന്ധപ്പെട്ടത് 250 മലയാളികൾ

തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിൽ നടുങ്ങിയ കശ്മീരിൽ നിന്നും നോർക്കയുടെ ഹെൽപ് ലൈനിൽ 24 മണിക്കൂറിനിടെ സഹായം തേടിയത് 250 ഓളം മലയാളികൾ. ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാനുള്ള ട്രെയിൽ-വിമാന ടിക്കറ്റുകൾ ലഭിക്കാതെ വന്നതോടെയാണ് നോർക്കയുടെ ഹെൽപ് ഡെസ്കിൽ നിരവധി മലയാളികൾ സഹായം തേടിയെത്തിയതെന്ന് നോർക്ക അധികൃതർ ഇ ടി വി ഭാരതിനോട് പറഞ്ഞു. കശ്മീരിലെ മലയാളികൾ പരിഭ്രാന്തിയിലാണ്. വേനലവധിയായതിനാൽ നിരവധി മലയാളി കുടുംബങ്ങള്‍ കശ്മീരിലേക്ക് യാത്ര പോകുന്ന സമയമാണ്. ഇൻഡിഗോ വിമാന കമ്പനി ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്നലെ സർവീസുകൾ റദ്ദാക്കിയെങ്കിലും ഇന്നു സ്പെഷ്യൽ സർവീസുകൾ നിശ്ചയിച്ചിട്ടുണ്ട്.മലയാളികളെ നാട്ടിലെത്തിക്കാൻ മറ്റു യാത്രാ സൗകര്യങ്ങൾ ഒരുക്കാനാണ് നോർക്ക തീരുമാനം. കശ്മീരിൽ കുടുങ്ങിയ മലയാളികളുടെ മടക്കയാത്രയുൾപ്പെടെയുള്ള കാര്യങ്ങൾ സജ്ജീകരിക്കാനായി നോർക്ക സി ഇ ഒ അജിത് കോളശ്ശേരിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്തെ ആസ്ഥാനത്ത് ഉന്നതതല യോഗം ചേരും. ഹൈക്കോടതി ജസ്റ്റിസുമാരായ ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത്കുമാർ, ജസ്റ്റിസ് ഗിരീഷ് എന്നിവരും എംഎൽഎമാരായ എം. മുകേഷ്, കെ പി എ മജീദ്, ടി. സിദ്ദീഖ്, കെ.ആൻസലൻ എന്നിവരും സർക്കാർ നിർദേശ പ്രകാരം ശ്രീനഗറിൽ തുടരുകയാണ്. കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയെന്നും ടി സിദ്ദിഖ് എം എൽ എ വ്യക്തമാക്കി.
നോർക്ക ഹെൽപ് ഡെസ്ക് നമ്പറുകൾ : 18004253939 (ടോൾ ഫ്രീ നമ്പർ ),
00918802012345 (മിസ്ഡ് കോൾ)