ബംഗാൾ സർക്കാരിന്റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ; ഡോക്ടർമാരുടെ സമരത്തെ തുടർന്ന് 23 പേർ മരിച്ചു
ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലപാതകത്തിന് പിന്നാലെയുണ്ടായ ഡോക്ടര്‍മാരുടെ സമരത്തിന്റെ ഫലമായി 23 പേര്‍ മരിച്ചുവെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.
മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായത്. ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. ഈ കേസ് പരിഗണിക്കവേയാണ് സിബല്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്.
ഡോക്ടര്‍മാര്‍ ജോലി ചെയ്യാത്തതു കൊണ്ട് 23 പേര്‍ മരിച്ചു. ആരോഗ്യ മേഖല തകരും. ആറുലക്ഷംപേര്‍ക്ക് ചികിത്സ നിഷേധിക്കപ്പെട്ടു. റസിഡന്റ് ഡോക്ടര്‍മാര്‍ ഒ.പി. ഡ്യൂട്ടി ചെയ്യുന്നില്ല. 1500-ല്‍ അധികം പേര്‍ക്ക് ആന്‍ജിയോഗ്രാഫി ചെയ്തില്ല, കപില്‍ സിബല്‍ പറഞ്ഞു.
ജോലിയില്‍ തിരികെ പ്രവേശിച്ചില്ലെങ്കില്‍ ഡോക്ടര്‍മാര്‍ക്കെതിരേ നടപടി കൈക്കൊള്ളണം. സംസ്ഥാനമാകെ പ്രതിഷേധമാണ്. പോലീസില്‍നിന്ന് പ്രതിഷേധത്തിനുള്ള അനുമതി വാങ്ങിയിട്ടില്ല. എന്താണ് ഞങ്ങള്‍ ചെയ്യേണ്ടത്- സിബല്‍, പശ്ചിമ ബംഗാള്‍ സര്‍ക്കാരിനു വേണ്ടി ആരാഞ്ഞു.
കേസ് അന്വേഷണത്തിന്റെ പുരോഗതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍, സുപ്രീം കോടതിക്ക് മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ടെന്നും സിബല്‍ അറിയിച്ചു. എന്നാല്‍ തനിക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ബെഞ്ച് പരിശോധിച്ചു.
ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിന് സുരക്ഷ ഉറപ്പാക്കാന്‍ ചുമതലപ്പെട്ട സി.ഐ.എസ്.എഫിന് ആവശ്യമായ പിന്തുണ നല്‍കുന്നതില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പരാജയപ്പെട്ടത് കോടതി പരിഗണിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു.
ഓഗസ്റ്റ് ഒന്‍പതിനാണ് ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലെ ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരായി കൊല്ലപ്പെട്ടത്. ഡോക്ടര്‍ക്ക് നീതി ആവശ്യപ്പെട്ട് സമരമുഖത്താണ് സംസ്ഥാനത്തെ ഡോക്ടര്‍മാര്‍. സി.ബി.ഐയാണ് കേസ് അന്വേഷിക്കുന്നത്.