ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി വിജയികളെ കണ്ടെത്തിയത് മൂന്നാം സൂപ്പര്‍ ഓവറില്‍
ബെംഗലൂരു : ടി20 ക്രിക്കറ്റിന്‍റെ ചരിത്രത്തിലാദ്യമായി വിജയികളെ കണ്ടെത്താനായി നടത്തിയത് മൂന്ന് സൂപ്പര്‍ ഓവറുകള്‍. കര്‍ണാടകയിലെ ആഭ്യന്തര ടി20 ലീഗായ മഹാരാജ ട്രോഫിയില്‍ ബെംഗലൂരു ബ്ലാസ്റ്റേഴ്സും ഹുബ്ലി ടൈഗേഴ്സും തമ്മിലുള്ള മത്സരം നിശ്ചിത ഓവറില്‍ ടൈ ആയതിനെ തുടര്‍ന്നാണ് വിജയികളെ കണ്ടെത്താന്‍ മൂന്ന് സൂപ്പര്‍ ഓവറുകള്‍ നടത്തേണ്ടിവന്നത്. ടി20 ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു മത്സരത്തില്‍ വിജയികളെ കണ്ടെത്താനായി മൂന്ന് സൂപ്പര്‍ ഓവറുകള്‍ നടത്തുന്നത്.
ആദ്യം ബാറ്റ് ചെയ്ത ഹുബ്ലി ടൈഗേഴ്സ് ക്യാപ്റ്റൻ മായങ്ക് അഗര്‍വാളിന്‍റെ അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍164 റണ്‍സടിച്ചപ്പോള്‍ അവസാന പന്തില്‍ ജയിക്കാന്‍ ഒരു റണ്‍സ് മതിയായിരുന്നിട്ടും ബെംഗലൂരു ബ്ലാസ്റ്റേഴ്സിനും നേടാനായത് 20 ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ്. അവസാന പന്തില്‍ ജയിക്കാന്‍ ഒരു റണ്‍ മതിയായിരുന്നിട്ടും ക്രാന്തി കുമാര്‍ റണ്ണൗട്ടായതോടെയാണ് മത്സരം ടൈ ആയത്. തുടര്‍ന്നായിരുന്നു വിജയികളെ കണ്ടെത്താനായി സൂപ്പര്‍ ഓവര്‍ നടത്തിയത്. ആദ്യ സൂപ്പര്‍ ഓവറില്‍ ഹുബ്ലി ടൈഗേഴ്സ് നായകന്‍ മായങ്ക് അഗര്‍വാള്‍ ഗോള്‍ഡൻ ഡക്കായപ്പോള്‍ ആകെ നേടാനായത് ഒരു വിക്കറ്റ് നഷ്ടത്തില്‍ 10 റണ്‍സായിരുന്നു. അവസാന പന്ത് സിക്സ് അടിച്ചായിരുന്നു ടൈഗേഴ്സ് 10 റണ്‍സിലെത്തിയത്.
റാവല്‍പിണ്ടി ടെസ്റ്റില്‍ തിരിച്ചടിച്ച് ബംഗ്ലാദേശ്, പാകിസ്ഥാന്‍റെ ലീഡ് പ്രതീക്ഷ മങ്ങുന്നു
11 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്സിനായി ക്യാപ്റ്റൻ മനീഷ് പാണ്ഡെ നാലാം പന്ത് സിക്സിന് പറത്തിയെങ്കിലും അവര്‍ക്കും നേടാനായത് 10 റണ്‍സ്. തുടര്‍ന്ന് രണ്ടാം സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഹുബ്ലി ടൈഗേഴ്സ് നേടിയത് എട്ട് റണ്‍സായിരുന്നു. മറുപടി ബാറ്റിംഗില്‍ ബ്ലാസ്റ്റേഴ്സ് ആദ്യ പന്ത് തന്നെ ബൗണ്ടറി അടിച്ചെങ്കിലും അവര്‍ക്കും നേടാനായത് എട്ട് റണ്‍സ് മാത്രം. തുടര്‍ന്നായിരുന്നു മൂന്നാം സൂപ്പര്‍ ഓവര്‍. മൂന്നാം സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ടൈഗേഴ്സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 12 റണ്‍സ്. മറുപടി ബാറ്റിംഗില്‍ അവസാന പന്ത് ബൗണ്ടറി കടത്തി ക്രാന്തി കുമാര്‍ ഹുബ്ലി ടൈഗേഴ്സിനെ വിജയത്തിലെത്തിച്ചു.