2 തവണ പാളിയതോടെ ഗംഭീറിന്റെ മുഖത്തുനോക്കാൻ പറ്റാതായി; പിന്തുണച്ചാൽ നിരാശപ്പെടുത്തില്ലെന്ന് തെളിയിക്കണമായിരുന്നു: സഞ്ജു
മുംബൈ∙ ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാനാകാതെ പോയതോടെ, പരിശീലകനായ ഗൗതം ഗംഭീറിനെ കാണുന്നതുപോലും ബുദ്ധിമുട്ടായിരുന്നുവെന്ന് വെളിപ്പെടുത്തി മലയാളി താരം സഞ്ജു സാംസൺ. അവസരങ്ങൾ തന്ന് പിന്തുണച്ചാൽ ഞാൻ നിരാശപ്പെടുത്തില്ലെന്ന് അദ്ദേഹത്തിനു മുൻപിൽ തെളിയിക്കേണ്ടത് അത്യാവശമായിരുന്നുവെന്നും, അങ്ങനെയാണ് ഹൈദരാബാദിലെ സെഞ്ചറി പ്രകടനം ഉണ്ടായതെന്നും സഞ്ജു വെളിപ്പെടുത്തി. ക്യാപ്റ്റൻ കൂടിയായ സൂര്യകുമാർ യാദവുമായി അടുത്ത ബന്ധമാണുള്ളതെന്നും സഞ്ജു വിശദീകരിച്ചു.
‘‘പരിശീലകനും കളിക്കാരനും തമ്മിലുള്ള ബന്ധം വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് ഞാൻ കരുതുന്നു. പരിശീലകൻ നമ്മുടെ കഴിവിൽ വിശ്വാസമർപ്പിക്കുമ്പോൾ, ടീമിനായി ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ടാണ് നമ്മൾ ആ വിശ്വാസം കാക്കേണ്ടത്. തുടർച്ചയായി അവസരങ്ങൾ തന്ന് എന്നെ പിന്തുണച്ചാൽ നിരാശപ്പെടുത്തില്ലെന്ന് ഗൗതം ഭായിക്കു മുന്നിൽ തെളിയിക്കേണ്ടത് എന്റെ ആവശ്യമായിരുന്നു. ഹൈദരാബാദിൽ അതിനുള്ള ശ്രമമാണ് ഞാൻ നടത്തിയത്.
‘‘ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിൽ ഓപ്പണറായി അവസരം ലഭിച്ചെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിൽ എനിക്ക് കാര്യമായ രീതിയിൽ റൺസ് കണ്ടെത്താനായില്ല. അതോടെ ഗൗതം ഭായിയുമായി നേർക്കുനേർ വരുന്ന സാഹചര്യങ്ങൾ പോലും എനിക്കു ബുദ്ധിമുട്ടായിത്തുടങ്ങി. അദ്ദേഹത്തെ നോക്കാൻ പോലും മടിയായിരുന്നു. പക്ഷേ, അപ്പോഴും എന്റെ സമയം വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഹൈദരാബാദിൽ സെഞ്ചറി നേടിയപ്പോൾ അദ്ദേഹം (ഗംഭീർ) കയ്യടിക്കുന്ന കാഴ്ച എന്നെ സംബന്ധിച്ച് ഏറ്റവും ആനന്ദദായകമായിരുന്നു’ – സഞ്ജു പറഞ്ഞു.
ക്യാപ്റ്റൻ കൂടിയായ സൂര്യകുമാർ യാദവ് നൽകിയ ഉറച്ച പിന്തുണയേക്കുറിച്ചും സഞ്ജു മനസ്സു തുറന്നു. ‘‘ജൂനിയർ തലം തൊട്ട് ഞാനും സൂര്യയും ഒരുമിച്ചു കളിക്കുന്നതാണ്. ഇതേക്കുറിച്ച് എത്രപേർക്ക് അറിയാം എന്നറിയില്ല. ഞങ്ങൾ രണ്ടു പേരും ബിപിസിഎല്ലിനായി കളിക്കുന്നവരുമാണ്. ഞങ്ങൾ രണ്ടു പേരും മുൻപും ക്രിക്കറ്റിനെക്കുറിച്ച് സംസാരിച്ച് ഒരുപാടു സമയം ഒരുമിച്ചു ചെലവഴിച്ചിട്ടുണ്ട്. അതുകൊണ്ട് ഞങ്ങൾക്കിടയിൽ ഒരു ബന്ധവും സൗഹൃദവും നേരത്തേ തൊട്ടേയുണ്ട്.‘കളിയോടുള്ള എന്റെ സമീപനം സൂര്യയ്ക്ക് കൃത്യമായി അറിയാം.
കളിയോടുള്ള സൂര്യയുടെ സമീപനം എനിക്കും നന്നായി മനസ്സിലാകും. ഇന്നു കാണുന്ന ഇതിഹാസ താരത്തിലേക്കുള്ള സൂര്യയുടെ വളർച്ച ഞാൻ ഏതാണ്ട് അടുത്തുനിന്നുതന്നെ കണ്ടതാണ്. അദ്ദേഹം മുൻകാലങ്ങളിൽ അനുഭവിച്ചിട്ടുള്ള ബുദ്ധിമുട്ടുകളും നടത്തിയിട്ടുള്ള കഠിനാധ്വാനവും എനിക്കറിയാം. ഒരു ബാറ്റർ എന്ന നിലയിൽ അദ്ദേഹം സ്വന്തമാക്കിയിട്ടുള്ള നേട്ടങ്ങൾ എന്റെ ആദരവ് വർധിപ്പിച്ചിട്ടേയുള്ളൂ. ഇന്ത്യൻ ടീമിന്റെ നായകനായതോടെ അതു വീണ്ടും കൂടി.‘‘ഡൽഹിയിലായിരുന്നു സമയത്ത്, അദ്ദേഹം ഇത്തരത്തിൽ സ്ഥിരതയോടെ കളിക്കുന്ന അവസ്ഥയിലേക്ക് എങ്ങനെയാണ് എത്തിച്ചേർന്നത് എന്ന് മനസ്സിലാക്കാനുള്ള ശ്രമത്തിലായിരുന്നു ഞാൻ. ഇതേക്കുറിച്ചെല്ലാം സൂര്യ ഒട്ടേറെ കാര്യങ്ങൾ ഞാനുമായി പങ്കുവച്ചിട്ടുമുണ്ട്.’ – സഞ്ജു പറഞ്ഞു.