ജമ്മു കശ്മീരിൽ 2 സൈനികർ കൊല്ലപ്പെട്ടു: രണ്ട് സൈനികർക്ക് പരിക്കേറ്റു
ജമ്മു കാശ്മീർ . ജമ്മു കാശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ വെള്ളിയാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. പിങ്ഗ്നൽ ദുഗഡ്ഡ വനമേഖലയിലെ നൈഡ്ഗാം ഗാമത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. വനമേഖലയിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് സൈനികർക്കു നേരെ ഭീകരരുടെ ആക്രമണം ഉണ്ടാകുന്നത്. ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്,. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്ന് വൈറ്റ് നൈറ്റ് കോർപ്പ്സ് സമൂഹ മാധ്യമമായ എക്സിൽ പറഞ്ഞു.
ഇന്‍റലിജന്‍സ് വിവരത്തെ തുടർന്ന് ആർമിയും ജമ്മു കാശ്മിർ പൊലീസും സംയുക്തമായതാണ് തിരച്ചിൽ നടത്തിയത്. ദോഡയിൽ ജൂലൈ മാസം സൈനികർക്കു നേരെ അക്രമണം നടത്തിയ അതേ ഭീകരരാണ് കിഷ്ത്വാറിലും അക്രമണം നടത്തിയതെന്ന് സൈന്യം അറിയിച്ചു. ജൂലൈയിൽ നടന്ന ആക്രമണത്തിൽ 4 സൈനികർ വീരമർത്യു വരിച്ചിരുന്നു. കാശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് തുടർച്ചയായി ഭീകരാക്രമണങ്ങളും ഉണ്ടാകുന്നത്.സെപ്തംബർ 18 മുതൽ ഒക്ടോബർ ഒന്നുവരെയാണ് തിരഞ്ഞെടുപ്പ് നടക്കുക.
അതേസമയം കഠ്വയിലെ ഖാന്ദാരയിൽ സൈന്യവും ഭീകരരും തമ്മിൽ ഉണ്ടായ മറ്റൊരു ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഇവരിൽ നിന്ന് ആയുധങ്ങളും മൊബൈൽ ഫോണുകളും കണ്ടെടുത്തതായും സൈന്യം അറിയിച്ചു.