2 കോടിയുടെ ബുള്ളറ്റ് പ്രൂഫ് കാർ, 60 പേരടങ്ങുന്ന സംഘം: സുരക്ഷ വർധിപ്പിച്ച് സൽമാൻ ഖാൻ

0

 

മുംബൈ∙  ലോറന്‍സ് ബിഷ്ണോയി സംഘത്തിന്റെ വധഭീഷണിയെ തുടര്‍ന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ധിപ്പിച്ചു. സല്‍മാന്‍ അവതാരകനായ ബിഗ് ബോസ് 18ന്റെ ഷൂട്ടിങ്ങിനായി അറുപതോളം പേരടങ്ങുന്ന സുരക്ഷ സംഘത്തെയാണ് നിയോഗിച്ചത്. വ്യാഴാഴ്ച രാത്രിയാണ് ബിഗ് ബോസ് ഷൂട്ടിങ് പുനരാരംഭിച്ചത്. സുരക്ഷയ്ക്കായി 2 കോടി രൂപ വില വരുന്ന ബുള്ളറ്റ് പ്രൂഫ് കാർ സല്‍മാന്‍ വാങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ലഭ്യമല്ലാത്ത വാഹനം ദുബായില്‍ നിന്ന് ഇറക്കുമതി ചെയ്തതായാണ് വിവരം.

രണ്ട് കോടി രൂപ വില വരുന്ന കാര്‍ ഇന്ത്യയിലേക്ക് എത്തിക്കാനും സല്‍മാന് വലിയൊരു തുക ചിലവാകും. പോയിന്‍റ് ബ്ലാങ്ക് ബുള്ളറ്റ് ഷോട്ടുകളെ അതിജീവിക്കാന്‍ പാകത്തിലുള്ള ഗ്ലാസ് ഷീല്‍ഡുകളാണ് ഈ വാഹനത്തിന്റെ പ്രത്യേകതകളിലൊന്ന്. സ്‌ഫോടകവസ്തുക്കള്‍ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം, അകത്തിരിക്കുന്നത് ആരെന്ന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത കളര്‍ തുടങ്ങി നിരവധി സവിശേഷതകളുള്ളതാണ് ഈ വാഹനം. കഴിഞ്ഞ വര്‍ഷവും സല്‍മാന്‍ ഖാന്‍ യുഎഇയില്‍ നിന്ന് ബുള്ളറ്റ് പ്രൂഫ് വാഹനം ഇറക്കുമതി ചെയ്തിരുന്നു.

ബിഗ് ബോസ് ഷൂട്ട് നടക്കുന്നിടത്തേക്ക് പ്രവേശിക്കാന്‍ കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആധാര്‍ കാര്‍ഡ് അടക്കം പരിശോധിച്ചാണ് സംഘത്തിലെ അംഗങ്ങളെ അകത്ത് കടത്തുന്നത്. ഷൂട്ടിങ് കഴിയുന്നത് വരെ ലൊക്കേഷനില്‍ തുടരണമെന്നും ഇവർക്ക് നിർദേശമുണ്ട്. അതേസമയം, കഴിഞ്ഞ ദിവസവും ബിഷ്‌ണോയ് സംഘത്തില്‍ നിന്ന് സല്‍മാന്‍ ഖാന് വധഭീഷണി വന്നിരുന്നു. 5 കോടി രൂപ നല്‍കിയാല്‍ സല്‍മാനുമായുള്ള ശത്രുത അവസാനിപ്പിക്കാം എന്ന ഉപാധിയാണ് മുന്നോട്ടുവച്ചിരിക്കുന്നത്. മുംബൈ ട്രാഫിക് പൊലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *