18ാം നൂറ്റാണ്ടിലെ നിധി, ലഭിച്ചത് മുഗൾ കാലത്തെ തോക്കുകളും വാളുകളും!
ലഖ്നൗ: ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിൽ വയലിൽ കുഴിച്ചിട്ടിരുന്ന പതിനെട്ടാം നൂറ്റാണ്ടിലെ നിധി കണ്ടെത്തി. വയൽ ഉഴുതുമറിച്ചപ്പോഴാണ് വാളുകളും തോക്കുകളും കഠാരകളും കുന്തങ്ങളും മറ്റു പല സാധനങ്ങളും കണ്ടെത്തിയത്. ജെ.സി.ബി ഉപയോഗിച്ച് കൂടുതൽ പരിശോധന നടക്കുന്നു. നിധി കണ്ടെത്തിയെന്ന വാർത്ത പുറത്തുവന്നയുടൻ ഗ്രാമവാസികൾ തടിച്ചുകൂടി. ഇതേത്തുടർന്ന് നിധി സുരക്ഷിതമാക്കാൻ പൊലീസ് സ്ഥലത്തെത്തി.
പുരാവസ്തു വകുപ്പിനും വിവരം നൽകിയിട്ടുണ്ട്. 200 വർഷം പഴക്കമുള്ള നിധിയെന്നാണ് വിദഗ്ധർ പറയുന്നത്. 21 വാളുകൾ, 13 തോക്കുകൾ, കഠാരകൾ, കുന്തങ്ങൾ എന്നിവ കണ്ടെടുത്തതായാണ് വിവരം. നിഗോഹി പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ധാക്കിയ തിവാരി ഗ്രാമത്തിൽ നിന്നാണ് നിധി ലഭിച്ചത്. എംഎൽഎ സലോന കുശ്വാഹയും പൊലീസ് സേനയും സ്ഥലത്തെത്തി. നേരത്തെ ഇവിടെ ഒരു ഫാം ഉണ്ടായിരുന്നുവെന്ന് ഗ്രാമവാസിയായ ബാബു റാം പറഞ്ഞു.