യാത്രക്കാരുടെ ശ്രദ്ധക്ക് : രാജ്യറാണി എക്സ്പ്രസിന് രണ്ട് കോച്ചുകള്‍ കൂടി

മലപ്പുറം: മലപ്പുറം ജില്ലയുടെ മലയോര മേഖലയിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് പുതുവത്സര സമ്മാനമായി നിലമ്പൂര്‍ – കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിന് രണ്ട് കോച്ചുകള്‍ കൂടി അനുവദിച്ച് റെയില്‍വേ. ഒരു എസി ത്രീ ടയര്‍ കോച്ചും ഒരു സ്ലീപ്പര്‍ കോച്ചുമാണ് അധികമായി അനുവദിച്ചിരിക്കുന്നത്. ഇതോടെ ട്രെയിനിലെ ആകെ കോച്ചുകളുടെ എണ്ണം 14ല്‍ നിന്ന് 16 ആയി ഉയരും.പുതുക്കിയ കോച്ചുകളുമായി ഡിസംബര്‍ 31ന് കൊച്ചുവേളിയില്‍ നിന്ന് 16349 ട്രെയിനും ജനുവരി ഒന്നിന് നിലമ്പൂരില്‍ നിന്ന് 16350 ട്രെയിനും സര്‍വീസ് നടത്തും.
നിലമ്പൂര്‍ – മൈസൂരു റെയില്‍വേ ആക്ഷന്‍ കൗണ്‍സിലിന്റെ നിരന്തരമായ ഇടപെടലിനെത്തുടര്‍ന്നാണ് യാത്രക്കാരുടെ ദീര്‍ഘകാലമായുള്ള ഈ ആവശ്യം റെയില്‍വേ അംഗീകരിച്ചത്.നിലമ്പൂര്‍ – ഷൊര്‍ണൂര്‍ പാതയില്‍ കൂടുതല്‍ മെമു സര്‍വീസുകള്‍ ആരംഭിക്കാന്‍ റെയില്‍വേ ബോര്‍ഡിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. പാതയുടെ വൈദ്യുതീകരണം പൂര്‍ത്തിയായ സാഹചര്യത്തില്‍ മെമു സര്‍വീസുകള്‍ വര്‍ദ്ധിക്കുന്നത് ഹ്രസ്വദൂര യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാകും. യാഡ് നവീകരണവും പ്ലാറ്റ്‌ഫോം വികസനവും പൂര്‍ത്തിയാകുന്നതോടെ രാജ്യറാണി എക്സ്പ്രസില്‍ ഇനിയും കോച്ചുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
