കുംഭമേളയ്ക്കായി 13,000 ട്രെയിനുകൾ ! ഒരുക്കങ്ങൾക്ക് 5,000 കോടിയിലധികം !!
ന്യുഡൽഹി: ജനുവരിയിൽ നടക്കുന്ന കുംഭമേളയ്ക്ക്ഭക്തരുടെ സുഗമമായ യാതയ്ക്കായി 3,000 പ്രത്യേക വണ്ടികൾ ഉൾപ്പെടെ 13,000 വണ്ടികൾ സര്‍വീസ് നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. മേളയ്ക്കായുള്ള റെയിൽവേയുടെ ഒരുക്കങ്ങൾ അവലോകനം ചെയ്യാൻ കേന്ദ്രമന്ത്രി വാരണാസിയിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ട്രെയിനില്‍ യാത്ര ചെയ്‌തു. കുംഭ മേളയുമായി ബന്ധപ്പെട്ട് 2 കോടിയോളം യാത്രക്കാർ ട്രെയിനിൽ നഗരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അശ്വിനി വൈഷ്‌ണവ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ മത സമ്മേളനങ്ങളിലൊന്നായ മഹാ കുംഭമേള 2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കും.
പ്രയാഗ്‌രാജിലെ നോർത്ത് ഈസ്‌റ്റ് റെയിൽവേ, നോർത്തേൺ റെയിൽവേ, നോർത്ത് സെൻട്രൽ റെയിൽവേ എന്നിവയുടെ കീഴിലുള്ള സ്‌റ്റേഷനുകൾ മന്ത്രി പരിശോധിച്ചു. ഗംഗ നദിക്ക് മുകളിൽ നിർമ്മിച്ച പുതിയ പാലവും പരിശോധിച്ചതായി മന്ത്രി അറിയിച്ചു. പാലം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്‌ഘാടനം ചെയ്യുന്നത്.
മൊബൈൽ യുടിഎസ് (അൺ റിസർവ്ഡ് ടിക്കറ്റ് സിസ്‌റ്റം) പ്രയാഗ്‌രാജിൽ ആദ്യമായി ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. പുരിയിലെ രഥയാത്രയിലും ഈ സംവിധാനം ഉപയോഗിച്ചിരുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.
‘മഹാ കുംഭമേളയ്ക്കായി പ്രയാഗ്‌രാജ് – വാരണാസി റൂട്ടിലെ റെയിൽവേ ട്രാക്ക് ഇരട്ടിയാക്കി. ഫഫാമൗ-ജങ്ഹായ് സെക്ഷൻ ഇരട്ടിയാക്കി. ഝാൻസി, ഫാഫമൗ, പ്രയാഗ്‌രാജ്, സുബേദർഗഞ്ച്, നൈനി, ചിയോകി സ്‌റ്റേഷനുകളിൽ രണ്ടാമത്തെ പ്രവേശന കവാടം നിർമ്മിച്ചു.
എല്ലാ സ്‌റ്റേഷനുകളിലും ഒരു കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്. അത് പ്രയാഗ്‌രാജ് സ്‌റ്റേഷനിലെ മാസ്‌റ്റർ കൺട്രോൾ റൂമിലേക്ക് തത്സമയ ഫീഡുകൾ അയയ്ക്കും. മഹാ കുംഭ് നഗറിൽ നിന്നുള്ള സിസിടിവി ക്യാമറ ഫീഡും മാസ്‌റ്റർ കൺട്രോൾ റൂമിൽ സ്വീകരിക്കും.’- അശ്വിനി വൈഷ്‌ണവ് പറഞ്ഞു.
പ്രയാഗ്‌രാജിലെ വിവിധ സ്‌റ്റേഷനുകളിലായി 48 പ്ലാറ്റ്‌ഫോമുകൾ കൂടാതെ 23-ലധികം ഹോൾഡിങ് ഏരിയകൾ നിർമ്മിച്ചതായും മന്ത്രി പറഞ്ഞു. 21 അടി മേൽപ്പാലങ്ങൾ നിർമ്മിക്കുകയും 554 ടിക്കറ്റിംഗ് കിയോസ്‌കുകൾക്കായി ക്രമീകരണം ഏര്‍പ്പെടുത്തുകയും ചെയ്‌തു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇന്ത്യൻ റെയിൽവേ 5,000 കോടിയിലധികം രൂപയാണ് മഹാ കുംഭമേളയ്ക്കായുള്ള ഒരുക്കങ്ങൾക്കായി ചെലവഴിച്ചതെന്ന് റെയില്‍വേ മന്ത്രി പറഞ്ഞു.ജനുവരി 13-ന് പൗഷപൂർണിമ ദിനത്തിൽ ആരംഭിക്കുന്ന മഹാ കുംഭമേള ഫെബ്രുവരി 26-ന് മഹാശിവരാത്രിയിലാണ് സമാപിക്കുക.
അതിനിടയിൽ മഹാകുംഭമേള നടക്കാനിരിക്കുന്ന പ്രദേശത്തെ പുതിയ ജില്ലയാക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. മഹാകുംഭ ജില്ലയായി പ്രഖ്യാപിക്കുകയാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. അതോടെ യുപിയിലെ ജില്ലകളുടെ എണ്ണം 76 ആയി ഉയർന്നു.
മുമ്പ് അലഹബാദ് എന്നറിയപ്പെട്ടിരുന്ന പ്രയാഗരാജ്, ഗംഗ, യമുന, പുരാണത്തിലെ സരസ്വതി എന്നീ മൂന്ന് പുണ്യനദികളുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ നദികൾക്ക് വളരെയധികം മതപരമായ പ്രാധാന്യമുണ്ട് -ഹൈന്ദവ വിശ്വാസികൾ ഗംഗയെ മാതൃദേവിയായും യമുന ഭക്തിയായും , സരസ്വതി അറിവിൻ്റെ ദേവതയുമായാണ് കാണുന്നത് . ഈ സംഗമത്തിൻ്റെ ആത്മീയ ഊർജ്ജമാണ് കുംഭമേളയുടെ അടിത്തറ .