12 കാരിയെ പീഡിപ്പിച്ച കേസ് : അമ്മയുടെ സുഹൃത്തിന് 4 ജീവപര്യന്തം തടവ് ശിക്ഷ

കൊല്ല0: 12 കാരിയെ ക്രൂരമായി ബലാൽസംഗം ചെയ്ത അമ്മയുടെ സുഹൃത്തിന് നാല് ജീവപര്യന്തം തടവ് ശിക്ഷ. പത്തനംതിട്ട സീതത്തോട് ചിറ്റാർ സ്വദേശി ജെയ്മോനെയാണ് പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. നിരവധി പോക്സോ കേസുകളിൽ പ്രതിയായ ജെയ്മോനെതിരെ കൊലപാതക കേസും നിലവിലുണ്ട്. കുട്ടിയുടെ അമ്മ സമാന കേസിൽ ശിക്ഷിക്കപ്പെട്ട് തമിഴ്നാട് ജയിലിലാണ്.
ആര്യങ്കാവ് കുളിർകാട് എസ്റ്റേറ്റിൽ മാതാവിനോടൊപ്പം കഴിഞ്ഞ് വന്നിരുന്ന 12കാരിയെ കുട്ടിയുടെ അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന ജെയ്മോൻ 2016 മുതലാണ് ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയത്. അതിജീവിതയുടെ അമ്മയുടെ സഹായത്തോടെ തമിഴ്നാട്ടിൽ ഉൾപ്പെടെ എത്തിച്ചു പീഡിപ്പിച്ചു. 2018 ൽ കുട്ടിയെ കാണാനില്ലെന്ന് കാട്ടി ഇവർ പൊലീസിൽ പരാതി നൽകി. കുട്ടിയെ കണ്ടെത്തി പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന പീഡന വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് തെന്മല പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച കേസിൽ പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി സ്പെഷ്യൽ ഡിസ്ട്രിക്ട് ജഡ്ജ് റ്റി. ഡി ബൈജു ശിക്ഷ വിധിക്കുകയായിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം നാല് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ ഒടുക്കിയിലെങ്കിൽ 8 മാസം കഠിന തടവ് അനുഭവിക്കണം. പിഴ തുക അതിജീവിതയ്ക്ക് നൽകണം. ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയും മൂന്ന് ലക്ഷം രൂപ അതിജീവിതയ്ക്ക് നഷ്ടപരിഹാരം നൽകാനും വിധിയിലുണ്ട്. ജീവപര്യന്തം ശിക്ഷ ജീവിതാവസാനം വരെ എന്നാണ് വിധി. പ്രതിക്കെതിരെ മറ്റ് ജില്ലകളിലും പോക്സോ കേസുകളുണ്ട്. മലപ്പുറം കാളികാവ് പൊലീസ് സ്റ്റേഷനിലെ കൊലപാതക കേസിലും ഇയാൾ പ്രതിയാണ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.പി അജിത് ഹാജരായി.